തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ ഏഴ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയ്ക്കാണ് ഏറ്റവുമധികം പണം അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ മലയോര മേഖലയിലാണ് ഏറ്റവും അധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കോഴിക്കോട് ജില്ലയ്ക്ക് 90 ലക്ഷവും കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്ക് 55 ലക്ഷവും വീതം അടിയന്തര ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് പുറമെ, വയനാടിന് 50 ലക്ഷവും ഇടുക്കി, കോട്ടയം ജില്ലകള്‍ക്ക് 35 ലക്ഷവും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന് പുറമെ മലബാര്‍ മേഖലയിലുണ്ടായ മഴക്കെടുതിയെ നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കും ദുരിതബാധിത ജില്ലകളിലെ കളക്ടര്‍മാര്‍ക്കുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കോഴിക്കോട് ജില്ലയിലാണ് മഴയും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിതച്ചത്. ഉരുള്‍പ്പൊട്ടലിലും വെള്ളപ്പൊക്കത്തിലും നാലുപേരാണ് കോഴിക്കോട് ജില്ലയില്‍ മരിച്ചത്. ഇതിന് പുറമെ 13 പേരെ കാണാതായിട്ടുണ്ട്. കോഴിക്കോട് നിന്ന് വയനാട്ടിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.