ബാലാമണിയമ്മയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ ഡൂഡിൽ. ഇൻസെറ്റിൽ ചിത്രം വരച്ച ദേവിക
തിരുവനന്തപുരം: മലയാളത്തിന്റെ കാവ്യമുത്തശ്ശി ബാലാമണിയമ്മയുടെ ജന്മദിനത്തിൽ ഗൂഗിളിന്റെ ആദരം. കർക്കടകത്തിലെ ആയില്യവും ജൂലായ് 19 എന്ന ജന്മദിനവും ഒന്നിച്ചുചേർന്ന 113-ാം ജന്മദിനത്തിൽ ഗൂഗിൾ സെർച്ച് എൻജിൻ ‘ഡൂഡിൽ’ ബാലാമണിയമ്മയുടെ ചിത്രവും വിവരണവുമായാണ് ആദരമേകിയത്. വെളുത്ത സാരിയുടുത്ത് വീട്ടുവരാന്തയിൽ പുസ്തകങ്ങൾക്കൊപ്പമിരുന്ന് എഴുതുന്ന ചിത്രം. ഡൂഡിലിനായി ബാലാമണിയമ്മയുടെ ചിത്രം വരച്ചത് മലയാളി പെൺകുട്ടിയും.
പ്രമുഖരായ വ്യക്തികളുടെ ഓർമനാളിൽ അവർക്ക് ആദരമർപ്പിച്ച് ഗൂഗിൾ സെർച്ച് പേജിൽ അവരുടെ ചിത്രവും വിവരങ്ങളും ഉൾപ്പെടുത്തുന്നതാണ് ‘ഡൂഡിൽ’. ഒരു മലയാളി ഡൂഡിലായി മാറുന്നതിന്റെയും മലയാളി പെൺകുട്ടി ഡൂഡിൽ ചിത്രം വരയ്ക്കുന്നതിന്റെയും ഇരട്ടി അപൂർവതയുണ്ടായിരുന്നു ഇതിന്.
തിരുവനന്തപുരം സ്വദേശിയും ഹൈദരാബാദിൽ പരസ്യകമ്പനിയിൽ ഇല്ലസ്ട്രേറ്ററുമായ ദേവിക രാമചന്ദ്രനാണ് ചിത്രംവരയ്ക്കാൻ നിയോഗമുണ്ടായത്. ഒരു മലയാളിയെക്കൊണ്ടുതന്നെ ചിത്രം വരപ്പിക്കാൻ തീരുമാനിച്ച ഗൂഗിൾ ടീം ദേവികയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റുമുള്ള ചിത്രങ്ങൾകണ്ട് ന്യൂയോർക്ക് ഓഫീസിൽനിന്ന് ബന്ധപ്പെടുകയായിരുന്നു. ബാലാമണിയമ്മയെ വരയ്ക്കാൻ ഒരു മാസത്തിലേറെ ദേവികയ്ക്ക് സമയവും നൽകി. സമർപ്പിച്ച പല ചിത്രങ്ങളിൽനിന്ന് തിരഞ്ഞെടുത്തതാണ് ഡൂഡിലായി മാറിയത്.
മാതൃത്വത്തിന്റെ കവി
1909-ൽ തൃശ്ശൂർ പുന്നയൂർകുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച് മലയാളകവിതയുടെ ഔന്നത്യത്തിലെത്തിയ കവയിത്രിയാണ് ബാലാമണിയമ്മ. അവരെത്തേടി സരസ്വതീസമ്മാനവും പദ്മവിഭൂഷണുമുൾപ്പെടെയുള്ള ബഹുമതികൾ എത്തി.അമ്മാവൻ നാലപ്പാട്ട് നാരായണമേനോൻ. മാതൃഭൂമി മാനേജിങ് ഡയറക്ടറായിരുന്ന അന്തരിച്ച വി.എം. നായരാണ് ഭർത്താവ്. സാഹിത്യകാരി മാധവിക്കുട്ടിയുൾപ്പെടെ നാലുമക്കൾ. 2004 സെപ്റ്റംബർ 29-ന് അന്തരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..