തിരുവനന്തപുരം:  ടി.പി.ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ പ്രതി കുഞ്ഞനന്തന്‍ ജിയിലിലെ നല്ല നടപ്പുകാരനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജയിലിൽ കുഞ്ഞനന്തന് രാഷ്ട്രീയപരിഗണനയോ മറ്റ് ഇളവുകളോ നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനേതിരേ കെ.കെ.രമ നല്‍കിയ ഹര്‍ജിയിലാണ് കുഞ്ഞനന്തന്‍ നല്ല നടപ്പുകാരനെന്ന് ഹൈക്കോടതിയില്‍ ആഭ്യന്തരവകുപ്പ് നിലപാട് വ്യക്തമാക്കിയത്. 

കുഞ്ഞനന്തന്‍ ജയിലിലെ നല്ലനടപ്പുകാരനാണ്. ജയില്‍ നടപടികള്‍ ലംഘിക്കുകയോ അതിന്റെ പേരില്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. ചട്ടപ്രകാരമാണ് കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഒരു വര്‍ഷത്തില്‍ 60 ലധികം സാധാരണ പരോള്‍ നല്‍കിയിട്ടില്ല. ഒരു കലണ്ടര്‍ വര്‍ഷം തൊണ്ണൂറ് ദിവസത്തിനുള്ളിലുള്ള പരോള്‍ ശിക്ഷാകാലമായി പരിഗണിക്കുന്നതാണ് സംസ്ഥാനത്തെ ജയിൽ ചട്ടമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കുഞ്ഞനന്തന്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ നേരത്തെ രണ്ട് തവണ സമീപിച്ചിരുന്നു. എന്നാല്‍ പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Content Highlights: Good Certificate For PK Kunjananthan  By Government on Highcourt