പിണറായി വിജയൻ,കോടിയേരി ബാലകൃഷ്ണൻ|ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
മണിക്കൂറുകള്‍ ഇടവിട്ട് സ്വപ്ന സുരേഷ് നടത്തുന്ന 'വെളിപ്പെടുത്തല്‍ നാടകത്തിനു' പിന്നില്‍ യുഡിഎഫ്-ബിജെപി ഗൂഢാലോചനയാണ്. സ്വപ്ന കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര ഏജന്‍സികളിലാണ് വിശ്വാസം എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കിയപ്പോള്‍ സമനില തെറ്റിയവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ഇത്രകാലം അന്വേഷിച്ചിട്ടും സ്വര്‍ണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോള്‍ കേസ് അട്ടിമറിച്ചു.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ദുഷ്പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ് യുഡിഎഫ് നേതാവ് പറഞ്ഞത്. എന്നാല്‍, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാന്‍ കഴിയുന്ന ജനതയാണ് കേരളത്തിലുള്ളത്. ഭൂരിപക്ഷം ഉള്ളിടത്തോളം എല്‍ഡിഎഫ് കേരളം ഭരിക്കും. സമരത്തെ ഭയന്ന് ഒളിച്ചോടുന്നവരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറായില്ല. അപസര്‍പ്പക കഥകളെ വെല്ലുന്ന കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights: gold suggling case-swapna suresh Puppet of central agencies-kodiyeri-cpm
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..