രമേശ് ചെന്നിത്തല| ഫോട്ടോ:ഇ.എസ്.അഖിൽ|മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ.പി.ജയരാജന്റേയും കെ.ടി.ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര ഏജന്‍സികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് പറയുന്നു.
'കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. അന്വേഷണം മുറുകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുമെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനും കെ.ടി.ജലീലിനും ഇ.പി.ജയരാജനുമാണ് നെഞ്ചിടിപ്പ് വര്‍ധിച്ചത്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്തിനാണ് ക്വാറന്റീനില്‍ കഴിയുന്ന ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കര്‍ പരിശോധിച്ചത്. എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്ന് ഇ.പി.ജയരാജന്‍ പറയണം. മകന് സ്വപ്‌ന സുരേഷുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഭാര്യ ലോക്കറില്‍ നിന്ന് എന്താണ് കൊണ്ടുവന്നതെന്നും ജയരാജന്‍ പറയണം. ഇതൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥത പെടുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ആളുകള്‍ക്ക് കുടപിടിച്ചിട്ട് അത് പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ല. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
യുഎഇ കൗണ്‍സിലേറ്റിലെ ഉദ്യോഗസ്ഥര്‍ 10 വര്‍ഷം തിന്നാല്‍ തീരാത്ത ഈന്തപ്പഴമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ അവിടേക്കെന്ന് പറഞ്ഞ് ഇറക്കുമതി ചെയ്തത്. ഈന്തപ്പഴം തന്നെയാണോ അവിടേക്ക് വന്നതെന്നതില്‍ സംശയമുണ്ട്. ഈന്തപ്പഴത്തിന്റെ മറവില്‍ എന്താണ് കൊണ്ടുവന്നതെന്ന് വ്യക്തമാകണം. ഡിപ്ലോമാറ്റിക് ചാനലില്‍ ഈന്തപ്പഴ കച്ചവടമാണോ നടക്കുന്നത്. ഈന്തപ്പഴത്തിന്റെ പേരില്‍ വലിയ തോതിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് നടന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയാതെ ഇതൊന്നും കൊണ്ടുവരാന്‍ പറ്റില്ല. ഇവിടെ എംബസി ഇല്ലാത്തതിനാല്‍ ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത് പ്രോട്ടോക്കോള്‍ ഓഫീസറാണ്. സ്വര്‍ണക്കടത്തില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ പങ്ക് എന്താണെന്ന് വളരെ ഗൗരവപൂര്‍വ്വം അന്വേഷിക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..