രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: facebook.com|rameshchennithala
തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ലഭിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. പ്രതികളെ സംരക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. ഇപ്പോ പുതുതായി മയക്കുമരുന്ന് കേസും പുറത്ത് വന്നിരിക്കുന്നു. ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നും വെളിച്ചത്തു വരുന്നു. രണ്ടും രാജ്യവിരുദ്ധ കേസാണ്.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണന് ഇതെല്ലാം അറിയാമെന്ന്. പാര്‍ട്ടി സെക്രട്ടറിയുടെ മകന് സ്വര്‍ണ-മയക്കുമരുന്ന് കേസുകളില്‍ ബന്ധമുണ്ടെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി നിസ്സാരവത്കരിക്കുകയാണുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
'ഏറ്റവും അവസാനമായി സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ വരെ ഇ.ഡി.ചോദ്യം ചെയ്തു. കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വഴിവിട്ട് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശിവശങ്കറിന്റെ കാര്യത്തില്‍ സ്വീകരിച്ച സമീപനം എന്തുകൊണ്ട് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തിന്റെ പൊതുരംഗത്തെ മലീമസപ്പെടുത്തിയ ഒരു മന്ത്രിയായി കാലം ജലീലിനെ വിലയിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: gold smuggling case-kt jaleel-ramesh chennithala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..