സ്വപ്ന സുരേഷ് | Photo - Mathrubhumi archives
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കോടതിമാറ്റത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രധാനമായും ഉന്നയിക്കുക എതിര്‍ക്കേസുകളും കേസിലെ ഉന്നതരുടെ പങ്കാളിത്തവും. കേരളത്തിലെ കോടതികളില്‍ വിചാരണ നടത്തുന്നത് കേസിന്റെ നീതിപൂര്‍വമായ നടത്തിപ്പിനെ ബാധിക്കാനിടയുണ്ടെന്ന് ഇതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ വാദിച്ചേക്കും. വിചാരണക്കോടതി മാറ്റുമെങ്കിലും അന്വേഷണം കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ഇ.ഡി. വൃത്തങ്ങള്‍ നല്കുന്ന സൂചന.
വിചാരണക്കോടതി മാറ്റാനുള്ള നീക്കത്തിന് രാഷ്ട്രീയപ്രാധാന്യവും ഏറെയാണ്. ഒരുമാസത്തോളം നീണ്ട ആലോചനയ്ക്കും കേരളത്തിലെ അന്വേഷണസംഘത്തെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയുള്ള യോഗത്തിനുംശേഷമാണ് കോടതിമാറ്റത്തിനുള്ള ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. സ്വപ്നാ സുരേഷ് നല്കിയ പുതിയ രഹസ്യമൊഴിയായിരിക്കും ഇ.ഡി.യുടെ പ്രധാന ആയുധം. ഈ രഹസ്യമൊഴി ഇ.ഡി.ക്കല്ലാതെ മറ്റൊരു ഏജന്‍സിക്കും ലഭിച്ചിട്ടുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യ കമല, മകള്‍ വീണാ വിജയന് എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ച് രഹസ്യമൊഴിക്കുമുന്നേ സത്യവാങ്മൂലം നല്‍കിയതായി സ്വപ്നതന്നെ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉന്നതവ്യക്തികള്‍ ഉള്‍പ്പെട്ട കേസാണെന്ന് ഇ.ഡി.ക്ക് ഇക്കാരണത്താല്‍ സമര്‍ഥിക്കാനും എളുപ്പമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചതും ഇ.ഡി. ചൂണ്ടിക്കാട്ടും. ചില മുന്മന്ത്രിമാര് ഉള്‍പ്പെട്ട കേസാണിതെന്ന വാദവും ഉന്നയിക്കപ്പെടും.
ഇതിനുപുറമേ അന്വേഷണ ഏജന്‍സിക്കെതിരേ സംസ്ഥാനത്ത് എടുത്ത കേസും ചൂണ്ടിക്കാട്ടിയേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ പേരുപറയാന്‍ സ്വപ്നാ സുരേഷിനെ നിര്‍ബന്ധിച്ചു എന്നതിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. തന്നെക്കൊണ്ട് ജയിലില്‍വെച്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതാണ് ഈ ഫോണ്‍ സംഭാഷണമെന്ന് സ്വപ്നതന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയം ചൂണ്ടിക്കാട്ടാന്‍ സര്‍ക്കാര്‍
സംസ്ഥാനം ഇതിനെ എതിര്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കേസിനുപിന്നിലെ രാഷ്ട്രീയമായിരിക്കും ചൂണ്ടിക്കാട്ടുക. കേരളത്തിലെ സി.പി.എമ്മിനെ തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നു എന്ന തുടക്കംമുതലുള്ള കേരള സര്‍ക്കാരിന്റെ ആരോപണം കോടതിയിലും ചൂണ്ടിക്കാട്ടപ്പെടും.
ഇ.ഡി.യില്‍ വിശ്വാസം - സ്വപ്ന സുരേഷ്
കൊച്ചി: സ്വര്‍ണക്കടത്തുകേസ് കേരളത്തിന്റെ പുറത്തേക്ക് മാറ്റാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കത്തില്‍ വിശ്വാസമുണ്ടെന്ന് സ്വപ്നാ സുരേഷ്. കേരളത്തില്‍ അന്വേഷണം നടന്നാല്‍ സത്യം തെളിയില്ല എന്ന വിഷമത്തിലായിരുന്നു.
മുഖ്യമന്ത്രിയും സംഘവും അന്വേഷണത്തിലിടപെടുന്നു. എന്നെ പിന്തുണയ്ക്കുന്നവരെ ഉപദ്രവിക്കുകയാണ്. മന്ത്രി കെ.ടി. ജലീല്‍ചെയ്ത ദേശവിരുദ്ധപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ അഭിഭാഷകന് നല്‍കിയിട്ടുണ്ട്. ഇത് നാളെ കോടതിയില്‍ ഫയല്‍ ചെയ്യും -സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..