ഇ.ഡിക്കെതിരായ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും, സ്വപ്നയെ വിമർശിച്ചും സർക്കാർ സത്യവാങ്മൂലം


ബി. ബാലഗോപാൽ/ മാതൃഭൂമി ന്യൂസ്

ശിവശങ്കർ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ല. സംസ്ഥാന പോലീസ് അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ആണെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സത്യവാങ്മൂലം

സ്വപ്‌ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകാൻ എത്തിയപ്പോൾ | ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ/മാതൃഭൂമി

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രാഷ്ട്രീയ വിമർശനം ഒഴിവാക്കിയും, സ്വപ്ന സുരേഷിനെ രൂക്ഷമായി വിമർശിച്ചും സുപ്രീം കോടതിയൽ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം. അന്വേഷണം സർക്കാരിനെ അപകീർത്തിപ്പെടുത്താനാണെന്നും സർക്കാരിന്റെ ആരോപണം.

സ്വർണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യവുമാണ്. ഇ.ഡി. പന്ത്രണ്ട് തവണ മൊഴി രേഖപ്പെടുത്തിയപ്പോഴും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്‌ട്രേറ്റിനും, മാധ്യമങ്ങൾക്കും മുമ്പാകെ പറയുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ആണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. കേസിലെ ഇ.ഡി. അന്വേഷണത്തെ സംബന്ധിച്ച് നേരത്തെ സി.പി.എം. നേതൃത്വും, സംസ്ഥാനത്തെ മന്ത്രിമാരും ഇ.ഡിക്കെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ടായിച്ചിരുന്നു. അതേസമയം അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടി ക്രമങ്ങളെ മാത്രമാണ് വിമർശിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.

സത്യവാങ്മൂലത്തിൽ കേരളം ഉന്നയിക്കുന്ന പ്രധാനപ്പെട്ട വാദങ്ങൾ

 • പന്ത്രണ്ട് തവണ സ്വപ്നയുടെ മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഉന്നതസ്ഥാനം വഹിക്കുന്നവർക്കെതിരെ ആദ്യ പരാതിയിലും, അനുബന്ധ പരാതിയിലും ഉന്നയിക്കാത്ത ആരോപണങ്ങൾ ഇപ്പോൾ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ ഉന്നയിക്കുന്നത് ബാഹ്യ സമ്മർദ്ദങ്ങളും, ഗൂഢോദ്ദേശ്യവും കാരണമാണ്.
 • ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതും, ഏകാംഗ ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ചതും കേന്ദ്ര ഏജൻസി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ ഈ അന്വേഷണങ്ങൾ കാരണം വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല.
 • സ്വപ്ന സുരേഷ് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നപ്പോൾ റെക്കോർഡ് ചെയ്ത അവരുടെ ശബ്ദ സന്ദേശം ഓൺലൈൻ പോർട്ടൽ പുറത്ത് വിട്ടതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന ജയിൽ വകുപ്പ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഈ അന്വേഷണം സ്വർണക്കടത്ത് കേസിൽ ഇ.ഡി. നടത്തിയ അന്വേഷണത്തെ ബാധിച്ചിട്ടില്ല. കേരള പോലീസ് നടത്തിയ അന്വേഷണം ഇ.ഡിയുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടൽ ആണെന്ന് പറയാൻ കഴിയില്ല.
 • കേരള പൊലീസോ, സർക്കാരോ അന്വേഷണത്തിൽ ഇടപെട്ടത്തിലോ, തടസപ്പെടുത്തിയതിലോ ഉള്ള രേഖകൾ ഇ.ഡിക്ക് ഇല്ല. കേസിലെ ഏതെങ്കിലും സാക്ഷിയെ സംസ്ഥാന സർക്കാർ സ്വാധീനിച്ചു എന്ന പരാതി ഇ.ഡിക്ക് ഇല്ല.
 • അന്വേഷണം പൂർത്തിയാക്കി, തെളിവുകളും അനുബന്ധ രേഖകളും സമർപ്പിച്ചതിന് ശേഷം കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം ഇ.ഡിക്ക് ഉന്നയിക്കാൻ കഴിയില്ല.
 • 2020 ൽ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.ഡി. ഇപ്പോൾ ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
 • വിചാരണ അട്ടിമറിക്കപ്പെടും എന്നത് ഇ.ഡിയുടെ സാങ്കല്പികമായ ഭയമാണ്. മൊഴിമാറ്റാൻ പ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതം.
 • സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. നിയമത്തിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ കേരളത്തിൽ തന്നെ തുടരുകയാണ്. ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ കേരളത്തിൽ തുടരുമ്പോൾ അതും ആയി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ നടപടികൾ മാത്രം മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം നിയമപരമായി നിലനിൽക്കില്ല.
 • ശിവശങ്കർ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമല്ല. സംസ്ഥാന പോലീസ് അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ആണെന്ന ആരോപണം അടിസ്ഥാന രഹിതം.
 • കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയാൽ അത് സംസ്ഥാനത്തെ ജുഡീഷ്യറിയിൽ നിഷ്പക്ഷത അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാകും.
 • നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ട്രാൻസ്ഫർ ഹർജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അന്ന് തന്നെ ഹർജിയിൽ തീർപ്പാക്കും എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: gold smuggling case - state government on supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented