കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തു. വൈകിട്ട് അഞ്ചു മണിവരെയായിരുന്നു കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യംചെയ്യല്‍. സ്വപ്‌നയടക്കമുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ സാന്നിധ്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. വേണ്ടിവന്നാല്‍ നാളെയും ചോദ്യംചെയ്യല്‍ തുടര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളുടെ കസ്റ്റഡി നീട്ടിച്ചോദിക്കവേയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി. ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നാ സുരേഷിനെ ചോദ്യംചെയ്തതില്‍നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗണ്യമായ സ്വാധീനമുണ്ടെന്നു വ്യക്തമായിട്ടുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
ശിവശങ്കറുമായി അടുത്ത ബന്ധമാണെന്ന് ചോദ്യംചെയ്യലിനിടെ സ്വപ്ന അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വപ്നയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്നത് ശിവശങ്കറിന് അറിയാമായിരുന്നു.
സ്വപ്നയുള്‍പ്പെടെ മൂന്നു പ്രതികള്‍ക്കും ഉന്നതരായ പല വ്യക്തികളുമായും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ശിവശങ്കറിനു പുറമേ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെയും വീണ്ടും ചോദ്യംചെയ്യണമെന്നാണ് ഇ.ഡി. കോടതിയില്‍ ആവശ്യപ്പെട്ടത്.
കള്ളപ്പണ നിരോധനനിയമം ശിവശങ്കറിനെതിരേ നിലനില്‍ക്കുമോ എന്ന് വാദത്തിനിടെ ഇ.ഡി.യുടെ അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. എന്‍.ഐ.എ.യും കസ്റ്റംസും കണ്ടെത്തിയതില്‍ കൂടുതലൊന്നും ഇ.ഡി.യുടെ കണ്ടെത്തലുകളിലില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്‍.ഐ.എ.യും കസ്റ്റംസും ചേര്‍ന്ന് 34 മണിക്കൂറാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്. കഴിഞ്ഞമാസം അവസാനം തുടര്‍ച്ചയായ രണ്ടുദിവസം എന്‍.ഐ.എ. കൊച്ചിയില്‍ ശിവശങ്കറിനെ ചോദ്യംചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു.
ശിവശങ്കറിനപ്പുറത്തേക്ക് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ പങ്കാളികളായവര്‍ വന്‍ കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കഴിഞ്ഞദിവസം കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തിലൂടെ നടന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുകയെന്ന ഭീകരവാദമാണെന്ന് എന്‍.ഐ.എ. കോടതിയും നിരീക്ഷിച്ചിരുന്നു.
Content Highlights:Gold smuggling case-Sivasankar is being questioned by the Enforcement Directorate