കൊച്ചി: സ്വര്‍ണക്കള്ളക്കടത്തില്‍ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പുറത്തുവന്നു. 20 പ്രതികള്‍ക്കെതിരായ 28 പേജ് കുറ്റപത്രത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കുന്ന കുറ്റകൃത്യമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 

സരിത്തും സന്ദീപും കെ.ടി.റമീസും കൂടിയാണ് സ്വര്‍ണക്കള്ളക്കടത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് സ്വപ്‌ന സുരേഷും ഇതില്‍ പങ്കാളിയായി. തുടര്‍ന്ന് വലിയൊരു സംഘം തന്നെ ഇതിന് പിന്നില്‍ രൂപപ്പെട്ടു. സ്വര്‍ണക്കടത്തിനായി തീവ്രവാദ സംഘത്തെ രൂപപ്പെടുത്തി. സ്വര്‍ണക്കടത്തിനുള്ള പണം ഹവാലയായി യു.എ.ഇ.യിലെത്തിച്ചു. വ്യാജരേഖ ഉണ്ടാക്കിയാണ് സ്വര്‍ണം കടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്തിന് തീവ്രവാദ സംഘടനയുമായി നേരിട്ട് ബന്ധമുള്ളതായോ പണം ഏതെങ്കിലും സംഘടനയ്ക്ക് കൈമാറിയതായോ തെളിവില്ല. സാമ്പത്തിക കുറ്റകൃത്യമാണ് നടന്നത്. അതിനാല്‍ യുഎപിഎ സെക്ഷന്‍ 15 എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറുമായി ബന്ധപ്പെട്ട് ഒരു വിവരവും ആദ്യ കുറ്റപത്രത്തിലില്ല. 

Content Highlights: Gold Smuggling Case NIA Chargesheet