എം. ശിവശങ്കർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി എം.ശിവശങ്കർ. കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞദിവസം ഇ.ഡി. കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇ.ഡി. തന്നെ മനഃപൂർവ്വം കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.
താനും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കേസിലെ തെളിവായി ഇ.ഡി. റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ യു.എ.ഇ. കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കോൺസുലേറ്റിലെ സെക്രട്ടറിയായ സ്വപ്ന സുരേഷിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലെത്തി. സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പല ചടങ്ങുകളിലും പങ്കെടുത്തു. പരസ്പരം സമ്മാനങ്ങൾ നൽകി. യു.എ.ഇ. ഭരണാധികാരി സ്വപ്നയ്ക്ക് ടിപ്പായി നൽകിയ പണം ലോക്കറിൽവെയ്ക്കാൻ സ്വപ്ന തന്നെയാണ് തന്റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമായി സംസാരിച്ചത്. എന്നാൽ ഇതിനെ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഇതുവരെ 30 മണിക്കൂറോളം തന്നെ ചോദ്യംചെയ്തിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച എം. ശിവശങ്കറിനോട് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഇതുവരെ ഹാജരായിട്ടില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights:gold smuggling case m sivasankar approached high court for anticipatory bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..