Photo: PTI
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്നത് കര്‍ണാടകയിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അസാധാരണനീക്കം രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിയൊരുക്കും. സംസ്ഥാനസര്‍ക്കാരിനെ സംശയത്തില്നിര്ത്തുന്ന പരാമര്‍ശം അടങ്ങുന്നതാണ് ഇ.ഡി. കോടതിയില്‍ നല്കിയ അപേക്ഷ. ഇതിനൊപ്പം, ബി.ജെ.പി. ഭരിക്കുന്ന കര്ണാടകയിലേക്കാണ് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് രണ്ടും കേസിന്റെ രാഷ്ട്രീയവാദങ്ങള്‍ക്ക് ഊര്ജംനല്കുന്നതാകും.
സര്‍ക്കാരിന്റെ താത്പര്യത്തിനനുസരിച്ച് അന്വേഷണ ഏജന്‍സികളെയും പോലീസിനെയും ഉപയോഗിക്കുന്നെന്ന ആരോപണമാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതലും നേരിടുന്നത്. രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് പ്രതികളാകുന്നവരെ രക്ഷിക്കുന്നതിനും കുടുക്കുന്നതിനും ഇത് തരാതരംപോലെ ഉപയോഗിക്കുന്നെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പി.ക്കുനേരെ ഉയര്‍ത്തുന്ന വിമര്‍ശനവുമാണ്.
ഡല്‍ഹിയിലെ ബി.ജെ.പി. നേതാവ് തജീന്ദര്‍പാല്‍ ബഗ്ഗയുടെ അറസ്റ്റില്‍ പഞ്ചാബ്-ഡല്‍ഹി-ഹരിയാണ പോലീസുകള്‍ മത്സരിച്ചോടിയത് ഡല്‍ഹിയില്‍ ഏറെ വിവാദമായ സംഭവമായിരുന്നു. അതിനാല്‍, സ്വര്‍ണക്കടത്ത് കേസില്‍ ഇപ്പോള്‍ ഇ.ഡി.യുടെ നീക്കത്തിനുപിന്നിലും ഈ രാഷ്ട്രീയലക്ഷ്യം ഇടതുപക്ഷം കാണുന്നുണ്ട്.
മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുന്നത് സ്വാഭാവിക നടപടിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി ഇത്തരമൊരു ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് അപൂര്‍വമാണ്.
കേസ് അട്ടിമറിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നെന്നതാണ് ഇ.ഡി.യുടെ ആരോപണം. അതിന് 59 പേജിലായി സംഭവങ്ങളുടെ ഒരു പരമ്പര ഇ.ഡി. നിരത്തുന്നുണ്ട്. ഒരു സംസ്ഥാന സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ കേന്ദ്ര ഏജന്‍സി എത്തിയെന്നതാണ് ഈ കേസിനെ അപൂര്‍വമാക്കുന്നത്.
ഇ.ഡി.യുടെ വാദത്തിന് ബലംനല്‍കുന്ന നടപടികള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി എന്നതാണ് രാഷ്ട്രീയ ആരോപണത്തെ മറികടക്കുന്ന ഘടകങ്ങള്‍. അന്വേഷണം സര്‍ക്കാരിനെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
ലൈഫ് മിഷന് പദ്ധതിയില്‍ തട്ടിപ്പുണ്ടെന്ന ആരോപണം സി.ബി.ഐ. അന്വേഷണത്തിന് വഴിതുറന്നപ്പോള്, വിജിലന്‍സിനെ സമാന്തര അന്വേഷണ ഏജന്‍സിയായി പ്രഖ്യാപിച്ചു. സ്വപ്നാ സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ വിവരങ്ങള്‍ പുറത്തായപ്പോള്‍ ഗൂഢാലോചനക്കേസെടുത്ത് ഒരു വലിയ അന്വേഷണസംഘത്തെ നിയോഗിച്ചു.
കേസില്‍ മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറായ എം. ശിവശങ്കറിന്റെ പങ്കാണ് ഇ.ഡി. പ്രധാനമായും ഉയര്‍ത്തുന്നത്. ഈ ഉദ്യോഗസ്ഥന് സംസ്ഥാനസര്‍ക്കാരിന്റെ ഉദ്യോഗസ്ഥസംവിധാനം നിയന്ത്രിക്കാന്‍ പാകത്തില്‍ ഇപ്പോഴും സര്‍ക്കാരിന്റെ ഭാഗമാണെന്നാണ് ഇ.ഡി. ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..