കൊച്ചി: സ്വർണക്കടത്ത് കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി സ്വപ്ന സുരേഷിനെ ഇ.ഡി വിളിച്ചു വരുത്തി. കൂടുതൽ പ്രതികരണം പിന്നീടെന്ന് ഇ.ഡി ഓഫീസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ സ്വപ്ന സുരേഷ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കേസിൽ കുടുങ്ങുകയായിരുന്നു എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് കൂടുതൽ പ്രതികരണം പിന്നീട് ഉണ്ടാകുമെന്നും ഇനി ഇ.ഡി ഓഫീസിൽ വരേണ്ട ആവശ്യമുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സ്വപ്ന പ്രതികരിച്ചു. 

അതേസമയം, നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജയില്‍ മോചിതയായ സ്വപ്ന സുരേഷിന് തിരുവനന്തപുരത്തേക്ക് പോകാന്‍ ജാമ്യവ്യവസ്ഥ തടസ്സമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടു പോകരുതെന്നായിരുന്നു വ്യവസ്ഥ. ഇതിനാലാണ് തിരുവനന്തപുരത്ത് ജയില്‍ മോചിതയായ ഉടന്‍ സ്വപ്ന കൊച്ചിയിലേക്ക് എത്തിയത്.