പ്രതീകാത്മക ചിത്രം, സ്വപ്ന സുരേഷ് | Photo: മാതൃഭൂമി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നട്ടാൽ പൊടിക്കാത്ത നുണകളാണെന്നും കേരളീയ സമൂഹം ഇതിനെ പുച്ഛിച്ച് തള്ളുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ഒരിക്കൽ പരാജയപ്പെട്ട തിരക്കഥകളും പ്രചരണങ്ങളും വീണ്ടും കൊണ്ടുവന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് ഇപ്പോൾ ചിലർ കരുതുന്നത്. ഇത്തരത്തിൽ നട്ടാൽ പൊടിക്കാത്ത നുണകളെ വീണ്ടും നനച്ച് വളർത്തുവാനുള്ള ശ്രമങ്ങൾ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും. രാഷ്ട്രീയ താൽപര്യത്തോടെ കേന്ദ്ര ഏജൻസികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകൾ തന്നെയാണ് രഹസ്യമൊഴി എന്ന പേരിൽ വീണ്ടും പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ സിപിഎം വ്യക്തമാക്കി.
സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് ശരിയായ രീതിയിൽ അന്വേഷിക്കുക എന്ന നിലപാടാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ തന്നെ സ്വീകരിച്ചത്. ഇത്തരം കാര്യങ്ങളിൽ ചുമതലപ്പെട്ട ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതും അതുകൊണ്ടാണ്. സ്വർണ്ണം അയച്ചതാര്, അത് ആരിലേക്കെല്ലാം എത്തിച്ചേർന്നു എന്നതാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടിയിരുന്ന പ്രധാനപ്പെട്ട വസ്തുത. അത്തരം അന്വേഷണം ചില ബി.ജെ.പി നേതാക്കളിലേക്ക് എത്തിച്ചേരുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ ഘട്ടത്തിലാണ് പുതിയ തിരക്കഥകൾ രൂപപ്പെടുത്തി മാധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. ഒപ്പം അന്വേഷണ ഏജൻസികളെ ആ വഴിക്ക് കൊണ്ടുപോകാനുള്ള സമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പുതിയവരെ നിയമിക്കുന്ന സ്ഥിതിയും ഈ ഘട്ടത്തിലുണ്ടായെന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യവ്യാപകമായി രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം പുതിയ തിരക്കഥകൾ രൂപപ്പെടുന്നതെന്നും രഹസ്യമൊഴി ഉടൻ തന്നെ മാധ്യമങ്ങളിൽ കൂടി പുറത്തു വിടുകയും ചെയ്യുന്നതിലൂടെ വ്യക്തമാകുന്നത് നേരത്തെ തയ്യാറാക്കിയ തിരക്കഥകളുടെ ഭാഗമാണ് ഇതെല്ലാം എന്നും ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രസ്താവനയിൽ സിപിഎം ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ സമ്മർദ്ദമുണ്ടെന്ന കാര്യം നേരത്തെ തന്നെ സ്വർണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷ് വ്യക്തമാക്കിയതാണ്. കേസിലെ മറ്റു പ്രതികൾ ഇതിന് സമാനമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളതാണ്. ജനങ്ങൾക്ക് സർക്കാരിൽ കൂടുതൽ വിശ്വാസം ഉണ്ടാക്കുന്നു എന്ന കാര്യം വ്യക്താമാക്കുന്നതാണ് തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശം സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..