പിണറായി വിജയൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും നേരത്തെ എടുത്ത നിലപാടില്‍നിന്ന് പ്രതിപക്ഷ നേതാവ് മാറി എന്നത് സ്വാഗതാര്‍ഹമാണെന്നും അതിന് ആദ്യമേ തന്നെ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രിയുടെ പരിഹാസം. നിയമസഭയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ ദിവസം നിയമസഭയില്‍ അധികനേരം ഇരിക്കാന്‍ പ്രതിപക്ഷ നേതാവിന് സമയം കിട്ടുമോ എന്ന് സംശമുണ്ട്. ഇ.ഡി. ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് രാജ്ഭവനില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പോവേണ്ടിവരും. അത്തരമൊരു പരിപാടി നടക്കുന്ന ദിവസം ഈ സബ്മിഷനില്‍ ഇ.ഡി.യെക്കുറിച്ച് കൃത്യതയോടെത്തന്നെ അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും മുഖ്യന്ത്രി പറഞ്ഞു.
ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ അവര്‍ ചേര്‍ത്തുപിടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. അതിനോടൊപ്പംതന്നെ, ഇ.ഡി. അവരുടെ ജൂറിസ്ട്രിക്ഷന്‍ കടന്നുപോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സംഭവങ്ങള്‍കൂടി പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹമിത് പറഞ്ഞത്. മാത്രമല്ല, ബാംഗ്ലൂരിലേക്ക് ഈ കേസ് മാറ്റണമെന്ന് പറയുന്നത്, കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമത്തിന്ററെ ഭാഗമാണോ എന്നാണ് പ്രതിപക്ഷനേതാവിന്റെ സ്വാഭാവികമായ സംശയം.
സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനാവണമെന്നും ഇ.ഡി.യുടെ രാഷ്ട്രീയ ഉദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ തുറന്നു കാണിക്കാനുമാവണം എന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന നിലപാടില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ്. അതുകൊണ്ടാണ് പറഞ്ഞതിന് നന്ദിയുണ്ടെന്ന് ഞാന്‍ ആദ്യംതന്നെ പറഞ്ഞതെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി കേസ് അന്വേഷണിക്കണമെന്നുതന്നെയാണ് തങ്ങള്‍ ആദ്യംമുതലേ ആവശ്യപ്പെട്ടുപോരുന്നതെന്ന് അതിന് മറുപടിയായി വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. ഇ.ഡി. എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ള സ്ഥാപനമാണ്. കേന്ദ്ര ഏജന്‍സികള്‍ക്ക് ഉണ്ടാകുന്ന പരിമിതികള്‍ ഇതാണ്. ആ പരിമിതികള്‍ക്ക് വിധേയമാണ് സി.ബി.ഐ.യും. യഥാര്‍ത്തത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടലിലൂടെയാണ് ഇത്തരം ഏജന്‍സികള്‍ വരുന്നതെന്ന് അങ്ങ് കാണണം. ഇ.ഡി. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യുകയാണ് എന്ന് കാണേണ്ടതില്ല, കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികള്‍ ഈ തരത്തില്‍ മാറുന്നതെന്ന് കാണാതിരിക്കരുതെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: cm on opposition leader, pinarayi vijayan, Gold smuggling case, sabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..