കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെയും കൊള്ളയുടെയും രഹസ്യങ്ങള്‍ പുറത്ത്. കടത്തിന്റെയും കൊള്ളയുടെയും മാസ്റ്റര്‍ പ്ലാന്‍ വെളിവാക്കുന്ന ശബ്ദരേഖ മാതൃഭൂമി ന്യൂസിന് ലഭിച്ചു. വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ കൈമാറിയ ശബ്ദ സന്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അര്‍ജുന്‍ ആയങ്കിയും സംഘവും ഇടുന്ന സ്‌കെച്ചിന്റെ വിവരങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടത്‌.

അതീവ സങ്കീര്‍ണവും ഗുരുതരവുമായ കുറ്റകൃത്യത്തിനുള്ള ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്. ദുബായില്‍നിന്ന് ഒരാള്‍ സ്വര്‍ണം കടത്താന്‍ തയ്യാറെടുക്കുന്നു. അങ്ങനെ തയ്യാറാടുക്കുന്ന ആള്‍ കാരിയറെ സംഘടിപ്പിക്കുന്നു. മാതൃഭൂമി ന്യൂസ് പുറത്തുവിട്ട ശബ്ദരേഖ പ്രകാരം സക്കീര്‍ എന്നയാളാണ് കാരിയര്‍. ഈ സക്കീറിന് സ്വര്‍ണം കടത്താനുള്ള 'സ്റ്റഡിക്ലാസ്' നല്‍കുകയാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന വോയിസിന്റെ ദൗത്യം.

സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, എവിടെ വെച്ച് കൊണ്ടുവരണം, ആര് നിങ്ങള്‍ക്കു തരും, മദ്യപിക്കരുത്, ശ്രദ്ധയോടെ ഇരിക്കണം, മറ്റുള്ളവരുടെ കോളുകള്‍ എടുക്കരുത് അങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് ഫസല്‍ എന്നയാള്‍ സക്കീറിന് നല്‍കുന്നത്. ഫസല്‍ എന്നയാള്‍ സക്കീറിന് സ്വര്‍ണവും വിമാന ടിക്കറ്റും എത്തിച്ചു നല്‍കും. ദുബായ് വിമാനത്താവളത്തിന്റെ പരിസരത്ത് എത്താനാണ് നിര്‍ദേശം നല്‍കുന്നത്.

സക്കീര്‍ സ്വര്‍ണവുമായി ദുബായില്‍നിന്ന് വരുമ്പോള്‍, ഇവിടെ കണ്ണൂരില്‍ അതുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങളാണ് രണ്ടാമത്തേത്. യഥാര്‍ഥത്തില്‍ നസീര്‍ എന്നൊരാള്‍ക്കു വേണ്ടിയോ മഹ്മൂദ് എന്നൊരാള്‍ക്കു വേണ്ടിയോ ആണ് ഈ സ്വര്‍ണം കൊണ്ടുവരുന്നത്. എന്നാല്‍ നസീറിനോ മഹ്മൂദിനോ കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് അര്‍ജുന്‍ ആയങ്കിയും സംഘവും പദ്ധതിയിടുന്നത്. ഇത്തരത്തില്‍ സ്വര്‍ണം അടിച്ചുമാറ്റുന്നതിന് 'പൊട്ടിക്കല്‍ ' എന്നാണ് ഇവര്‍ക്കിടയില്‍ പറയുന്നത്.

ദുബായില്‍നിന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാര്യം ഇവിടെ ചോരുന്നു. കൊണ്ടുവരുന്ന ആള്‍ ആരാണ്, ഏത് വിമാനത്തില്‍ ഇവിടെ എത്തും, ആര്‍ക്കു വേണ്ടി കൊണ്ടുവരുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോര്‍ത്തുന്നു. ആര്‍ക്കു വേണ്ടിയാണോ കൊണ്ടുവരുന്നത് ആ ചെറുസംഘങ്ങളെ മറികടന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന വലിയ ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്.

രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാകുന്ന രീതിയിലാണ് ഈ ഓഡിയോ ക്ലിപ്പ് ഉള്ളത്. സ്വര്‍ണവുമായി കണ്ണൂരില്‍ ഇറങ്ങിയാല്‍ ചെയ്യേണ്ട ഒരുക്കങ്ങളെല്ലാം അര്‍ജുന്‍ ആയങ്കി ചെയ്തിരിക്കുമെന്ന് വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്. ഹോട്ടല്‍ സൗകര്യവും മദ്യവും ലഭിക്കും. അവിടെനിന്ന് മടങ്ങുമ്പോള്‍ മോശമല്ലാത്ത തരത്തില്‍ പണവും ലഭിക്കുമെന്നും വോയിസ് ക്ലിപ്പ് പറയുന്നു. പകരം സക്കീര്‍ എന്ന കാരിയര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ നിര്‍ദേശം നല്‍കുന്നത്.

കേസില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്‌.

content highlights: gold smuggling and robbery kannur