തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ കേസ് സജീവമായി നിൽക്കുമ്പോഴും വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് തുടരുന്നു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്ന് കോടികളുടെ സ്വർണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം 1.45 കിലോ സ്വർണം ഇവരിൽ നിന്ന് കണ്ടെടുത്തു.
വെയ്സ്റ്റ് ബാൻഡിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. പിടിയിലായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരുടെ ഉന്നതബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. 1.25 കോടിയുടെ സ്വർണമാണ് ഏഴ് യാത്രക്കാരിൽ നിന്ന് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളേയും ഒരു കാസർകോട് സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്.