തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു സ്വര്‍ണം കവര്‍ന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ അജ്ഞാത സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ച് 100 പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപമാണ് സംഭവം. 

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറികള്‍ക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് അക്രമണമുണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാത സംഘമാണ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം സ്വര്‍ണം കവര്‍ന്നതെന്ന് സമ്പത്തിന്റെ പരാതിയില്‍ പറയുന്നു. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനായുള്ള സ്വര്‍ണം കൊണ്ടുവരുമ്പോഴാണ് അക്രമണമുണ്ടായത്. 

സമ്പത്തിന്റെ ഡ്രൈവര്‍ അരുണിനേയും അജ്ഞാത സംഘം ആക്രമിച്ചു. സംഭവസമയം കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷമണയെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

content highlights: Gold robbery in Thiruvananthapuram Pallippuram