വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ | ഫോട്ടോ; മാതൃഭൂമി
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്.എൻ.ഡി.പി യോഗത്തിന് കേരളത്തിലെ സമുദായ അംഗങ്ങളുടെ പിന്തുണയുണ്ടെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് ഗോകുലം ഗോപാലൻ. കുടുംബ സ്വത്ത് പോലെ വെച്ചനുഭവിച്ച കേരളത്തിലെ ശ്രീനാരാണീയരുടെ സ്വത്ത് അതിന്റെ യഥാർത്ഥ അവകാശികൾക്ക് മടക്കി കൊടുക്കേണ്ടി വരുമോയെന്ന ഭയമാണ് വെള്ളാപ്പള്ളി നടേശനെന്നും ഗോകുലം ഗോപാലൻ പ്രസ്താവനയിൽ അറിയിച്ചു.
എസ്.എൻ.ഡി.പി യോഗത്തിലെ അഴിമതിയ്ക്കും കുടുംബാധിപത്യത്തിനുമെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉണ്ടായ ജനാരോഷം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. കോടതിവിധിമാനിച്ച് ജനാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് നടത്താൻ വെള്ളാപ്പള്ളി നടേശൻ തയാറാകാത്തത് വൻ പരാജയം മുന്നിൽ കണ്ടതുകൊണ്ടാണെന്നും ഗോകുലം ഗോപാലൻ ആരോപിച്ചു.
എസ്.എൻ.ഡി.പി യോഗത്തിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ വിയർപ്പിലും ചോരയിലും പടുത്തുയർത്തിയ സ്ഥാവരജംഗമവസ്തുക്കൾ തന്റെ പിണിയാളുകളെമാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന എസ്.എൻട്രസ്റ്റിലേക്ക് വകമാറ്റിയ വെള്ളാപ്പള്ളിക്ക് ജനറൽ സെക്രട്ടറിയായിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്? സ്വന്തം സമുദായഅംഗങ്ങളെപോലും വിശ്വാസമില്ലാത്ത ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അല്ലെങ്കിൽ സ്വന്തം കുടുംബക്കാരും ജോലിക്കാരുമല്ലാത്ത ഒരാളെയെങ്കിലും എസ്.എൻട്രസ്റ്റിലും യോഗത്തിലും ഉൾപ്പെടുത്താൻ അദ്ദേഹം എന്ത്‌കൊണ്ട് തയ്യാറാവുന്നില്ല?അഴിമതിയും കൊള്ളയും മറയ്ക്കാൻ അല്ലെങ്കിൽ എന്തിനാണ് വെള്ളാപ്പള്ളി ശ്രീനാരായണീയരെ ഇത്രമാത്രം ഭയപ്പെടുന്നതെന്നും ഗോകുലം ഗോപാലൻ പ്രസ്താവനയിൽ കൂടി ആരോപണമുന്നയിച്ചു.
തുഷാർ വെള്ളാപ്പള്ളിക്ക് സമുദായത്തിലും രാഷ്ട്രീയത്തിലും ബിസിനസ്സിലും അസ്ഥിത്വം ഉണ്ടാക്കിക്കൊടുക്കാൻ വെള്ളാപ്പള്ളി നടേശൻ ബലിയാടാക്കിയ ഒരുപിടി മനുഷ്യർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുണ്ട്. അവരെയൊന്നും ഇനിയും വേട്ടയാടാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: gokulam gopalan against vellappally natesan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..