മദ്യം ഇഷ്ടപ്പെടുന്നവരുടെ സൈബറിടമായ ജി.എന്‍.പി.സി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മദ്യത്തെ കൈവിടുന്നു. മദ്യപാനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഗ്രൂപ്പില്‍  അനുവദിക്കുന്നതല്ല എന്ന് ഗ്രൂപ്പ് അഡ്മിന്‍ നിര്‍ദേശം വച്ചു. 18 ലക്ഷം അംഗങ്ങളുള്ള 'രഹസ്യ' ഗ്രൂപ്പാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. ലോകമലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഈ ഗ്രൂപ്പിനുമേല്‍ എക്‌സൈസ് വകുപ്പിന്റെ നോട്ടം വീണതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അറിയുന്നു.

ലോകത്തിന്റെ എല്ലാ മൂലയിലുമുള്ള മലയാളികള്‍ അംഗമായ ഗ്രൂപ്പ് വളരെ പെട്ടെന്നാണ് തരംഗമായത്. മദ്യവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ മാത്രമല്ല രുചിയുമായി ബന്ധപ്പെട്ട പോസ്റ്റുകളും ജി.എന്‍.പി.സിയെ ജനപ്രിയമാക്കി. സ്ത്രീകളും സജീവമായ ജി.എന്‍.പി.സി ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പാണെന്നാണ് അവരുടെ അവകാശവാദം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പും, അംഗസംഖ്യയില്‍ രാജ്യത്തെ ആറാമത്തെ ഗ്രൂപ്പുമാണ് ഇതെന്നും അവര്‍ അവകാശപ്പെടുന്നു. 

ഈ ഗ്രൂപ്പ് ഒരു കാരണവശാലും മദ്യപാനത്തെയോ മദ്യത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല, മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അതു നിരവധി രോഗങ്ങള്‍ക്കു കാരണമാകും എന്നും അഡ്മിന്‍ ടി.എല്‍ അജിത്കുമാര്‍ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.  

ജി.എന്‍.പി.സി മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതായും ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് അഡ്മിന്റെ കുറിപ്പ് എത്തിരിക്കുന്നത്.

ജി.എന്‍.പി.സി അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ബാറുകളില്‍ ഡിസ്‌കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. ഇതോടെയാണ് എക്‌സൈസ് വകുപ്പ് ഗ്രൂപ്പിനെ നിരീക്ഷിച്ചു തുടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

GNPC