'പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ'; ജപ്തിയില്‍ മനംനൊന്ത് ജീവനൊടുക്കും മുമ്പ് അഭിരാമി


അഭിരാമി, വീടിനുമുന്നിൽ ബാങ്ക് സ്ഥാപിച്ച ബോർഡ്, അഭിരാമിയുടെ മരണവാർത്തയറിഞ്ഞ് വിലപിക്കുന്ന അച്ഛൻ അജികുമാർ

ശൂരനാട്: വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ അഭിരാമി(20)യാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

കേരള ബാങ്ക് പതാരം ശാഖയില്‍നിന്ന് 2019-ല്‍ അജികുമാര്‍ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വീടുപണി, അച്ഛന്റെയും ഭാര്യയുടെയും ചികിത്സ എന്നിവകൊണ്ടുണ്ടായ മുന്‍ബാധ്യതകള്‍ വീട്ടുന്നതിനായിരുന്നു വായ്പയെടുത്തത്.

വിദേശത്തായിരുന്ന അജികുമാര്‍ കോവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് ഉദ്യോഗസ്ഥരെത്തി വീടിനുമുന്നില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചു. ഈസമയത്ത് വീട്ടില്‍ അജികുമാറിന്റെ പ്രായമായ അച്ഛനും അമ്മയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അജികുമാറും ഭാര്യയും മകളും ചെങ്ങന്നൂരില്‍ ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീട്ടിലെത്തിയപ്പോള്‍ ബോര്‍ഡ് കണ്ട് മകള്‍ ദുഃഖിതയായിരുന്നെന്ന് അജികുമാര്‍ പോലീസിനോട് പറഞ്ഞു.

വിവരം അന്വേഷിക്കാനായി അജികുമാറും ഭാര്യയും ബാങ്ക് ശാഖയിലേക്ക് പോയതിനു പിന്നാലെ മുറിയില്‍ കയറി അഭിരാമി ജീവനൊടുക്കുകയായിരുന്നു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും വിളിച്ചിട്ടും കതക് തുറന്നില്ല. അയല്‍ക്കാരെത്തി കതക് ചവിട്ടിത്തുറന്നപ്പോള്‍ ജന്നല്‍ക്കമ്പിയില്‍ ഷാള്‍ കുരുക്കി തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബുധനാഴ്ച കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

ആദ്യത്തെ പ്രതീകാത്മക നടപടിയുടെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും അല്ലാതെ ജപ്തിചെയ്യുന്നതിനുവേണ്ടിയല്ലെന്നും കേരള ബാങ്ക് അധികൃതര്‍ പറഞ്ഞു. കുടിശ്ശിക വരുത്തിയ മറ്റുവീടുകളിലും ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ...

അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അവള്‍ അച്ഛന്‍ അജയകുമാറിനോട് പറഞ്ഞു. സര്‍ക്കാര്‍ പതിച്ച ബോര്‍ഡല്ലേ, മാറ്റിയാല്‍ പ്രശ്‌നമായാലോ എന്ന് അച്ഛന്റെ മറുപടി.

'എങ്കില്‍ പപ്പാ, ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്ന് മറയ്ക്കാമോ...' എന്നായി മകള്‍. അച്ഛനും അമ്മയുംകൂടി ബാങ്കില്‍ പോയി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു. വീടും വസ്തുവും ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോര്‍ഡ് പതിച്ചതില്‍ മനംനൊന്ത് ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തില്‍ അഭിരാമി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് വീട്ടില്‍ നടന്ന സംഭാഷണമാണിത്.

അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അവള്‍ മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നു. പലതവണ വിളിച്ചിട്ടും പ്രതികരണമില്ലാതായപ്പോള്‍ ശാന്തമ്മ ഉച്ചത്തില്‍ വിളിച്ചുകരഞ്ഞു. അയല്‍വാസി ഷാജിഷാ മന്‍സിലില്‍ ഷാജിയടക്കം ഒട്ടേറെപ്പേര്‍ ഓടിയെത്തി. ഒടുവില്‍ ഷാജി കതക് ചവിട്ടിത്തുറന്നു. ജന്നല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. അറത്തെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. ജപ്തി ബോര്‍ഡ് സ്ഥാപിച്ചതിലുള്ള മനോവിഷമമാണ് മരണത്തിനു കാരണമെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.

'ബന്ധുക്കളാരെങ്കിലും വന്ന് ആ ബോര്‍ഡ് കണ്ടാലോ എന്ന ഭയമായിരുന്നു എന്റെ കുഞ്ഞിന്. ഞാനാ ബോര്‍ഡ് എടുത്തുമാറ്റിയാല്‍ മതിയായിരുന്നു. എങ്കില്‍ ഐന്റ മോള്‍ പോകില്ലായിരുന്നു'- അജയകുമാര്‍ വിതുമ്പി.


കോവിഡാണ് എല്ലാം താറുമാറാക്കിയത്
:''കോവിഡ് വന്നതാണ് ഞങ്ങളുടെയെല്ലാം ജീവിതം ഇങ്ങനെ കടക്കെണിയിലാക്കിയത്.'' നാട്ടുകാരും അയല്‍വാസികളും പറയുന്നുണ്ടായിരുന്നു അത്. എല്ലാവര്‍ക്കും കടമുണ്ട്. കുറേശ്ശെ വീട്ടിക്കൊണ്ടിരിക്കുകയാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചെന്ന ആശ്വാസത്തിലിരിക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ അതിങ്ങനെ കൂടിക്കൂടി ജപ്തിയിലെത്തി എന്നതാണ് ബാക്കിപത്രം-അയല്‍വാസിയും സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗവുമായ സജീവ് പറഞ്ഞു. ഈ വീട്ടിലാണെങ്കില്‍ മോളൊഴികെ എല്ലാവര്‍ക്കും ഓരോ അസുഖവും അപകടവുമൊക്കെയായി കടഭാരം കൂടി. ശശിധരന്‍ ആചാരി നല്ലൊരു ക്ഷീരകര്‍ഷകനായിരുന്നു. എന്നാല്‍ പാല്‍കൊടുത്തു വരുംവഴി അപകടത്തില്‍പ്പെട്ട് കിടപ്പിലായി. അമ്മ ശാലിനിക്കും തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്‌നമുണ്ടായി ചികിത്സിക്കേണ്ടിവന്നു.


എന്റെ കിങ്ങിണിമോളെ താ...
:സ്വന്തം വീട്ടില്‍നിന്നു മാത്രമല്ല, അയല്‍പക്കത്തെ വീട്ടില്‍നിന്നുയരുന്ന കരച്ചിലിലും മുഴങ്ങുന്നത് ഒരേ സ്വരം. എന്റെ മോളെ താ... ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അഭിരാമിയുടെ വീടും പരിസരവും ചൊവ്വാഴ്ച രാത്രി ദുഃഖഭാരത്താല്‍ വിറങ്ങലിച്ചു. അവള്‍ അവരുടെയെല്ലാം കിങ്ങിണിയായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍.

മകളുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് വിലപിക്കുന്ന അമ്മ ശാലിനിയും ബന്ധുക്കളും |ഫോട്ടോ:സി.ആര്‍.ഗിരീഷ് കുമാര്‍

''കണ്ടില്ലേ, അടുത്ത വീട്ടിലെ മുറിയില്‍നിന്ന് കരച്ചില്‍ ഉയരുന്നത്.'' അയല്‍വാസിയായ പ്രസന്നന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവിടെ വരാന്തയിലിരുന്ന് ഒരു വയോധികന്‍ നെഞ്ചത്തടിച്ച് എന്തൊക്കെയോ പറഞ്ഞുകരയുന്നു. പൊന്നുണ്ണീ എന്നു വിളിച്ചാണയാള്‍ കരയുന്നത്. തൊട്ടയല്‍വാസിയായ ഷംസുദ്ദീന്‍. അദ്ദേഹത്തിന് പെണ്‍മക്കളില്ല. കിങ്ങിണിയെ കുഞ്ഞുന്നാള്‍മുതലേ എടുത്തുവളര്‍ത്തിയ കൂട്ടത്തിലാണ്. ആ വീട്ടിലെ അംഗങ്ങളെല്ലാം അകത്ത് കരഞ്ഞുതളര്‍ന്ന അമ്മ ശാലിനിക്ക് ചുറ്റുമുണ്ട്. ഫോണില്‍ ആരോടൊക്കെയോ സങ്കടംപറഞ്ഞ് ആശ്വാസം കണ്ടെത്തുന്നവര്‍.

കട്ടിലില്‍ക്കിടന്ന് എന്റെ മോളെ തായോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കരയുന്ന അമ്മൂമ്മ ശാന്ത. പുറത്തെ മുറിയില്‍ അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയുടെ നെഞ്ചും പുറവും തടവിക്കൊണ്ടിരിക്കുകയാണ് അയല്‍വാസി. അച്ഛന്‍ അജികുമാര്‍ കോലായില്‍ തളര്‍ന്നിരിക്കുകയാണ്. ഒരു ജപ്തി ബോര്‍ഡ് ഉയര്‍ത്തിയ അപമാനത്തിന്റെയും അത് ഏതാനും മണിക്കൂറുകള്‍കൊണ്ട് ഒരു നാടിനെയാകെ സങ്കടക്കടലില്‍ ആഴ്ത്തിയതിന്റെയും ചിത്രം. ജാതിമതഭേദമില്ലാതെ എല്ലാവരും വളരെ സഹകരണത്തോടെ കഴിയുന്ന ഒരു ഗ്രാമമാണിത്. ജപ്തി ബോര്‍ഡ് തൂക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് അയല്‍വാസികള്‍തന്നെ വിവരിച്ചതാണ്, ആ വീട്ടിലെ സാഹചര്യങ്ങളെല്ലാം.

പഠിക്കാന്‍ മിടുക്കി; അയല്‍വാസികള്‍ക്ക് പ്രിയപ്പെട്ടവള്‍
കൊല്ലം: പഠിക്കാന്‍ മിടുക്കിയായിരുന്നു, നല്ലസ്വഭാവം, അഭിരാമിയെക്കുറിച്ചു പറഞ്ഞ് അയല്‍വാസികള്‍ കരയുന്നു. പതാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് മികച്ചവിജയം നേടിയശേഷമാണ് ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദത്തിന് ചേര്‍ന്നത്. അവിടെ ഹോസ്റ്റലിലായിരുന്നു താമസം. തിങ്കളാഴ്ചയും അഭിരാമി കോളേജില്‍ പോയിരുന്നു. ബന്ധുവിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച രാത്രി വീട്ടില്‍ വന്നതാണ്.

ചൊവ്വാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിലുള്ള മരണവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ ജപ്തിനോട്ടീസ് കണ്ടത്. ഇത് ബന്ധുക്കളും നാട്ടുകാരുമൊക്കെ കണ്ടാല്‍ നാണക്കേടാകുമെന്നത് കുട്ടിയെ വല്ലാതെ ഉലച്ചിരുന്നു.

ഡിവൈ.എസ്.പി. അന്വേഷണത്തിനെത്തി
:സംഭവത്തിന്റെ ഗൗരവം മനസ്സിലായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ വന്നത്. രാത്രി എട്ടരയോടെ അഭിരാമിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫ് പറഞ്ഞു.

അഭിരാമിയുടെ വീട്ടിൽ ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷെരീഫ് അന്വേഷണത്തിന് എത്തിയപ്പോൾ

ആദ്യം വന്ന പോലീസുകാര്‍ അയല്‍വാസിയുടെ മൊഴിയെടുത്തു വന്നപ്പോള്‍ സാധാരണ ആത്മഹത്യയാണെന്നാണ് വിചാരിച്ചത്. പിന്നീടാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്-അദ്ദേഹം പറഞ്ഞു. അഭിരാമി തൂങ്ങിയ മുറിയും പരിസരവുമെല്ലാം പരിശോധിച്ച ഡിവൈ.എസ്.പി. നാട്ടുകാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൂരനാട് എസ്.എച്ച്.ഒ. ജോസഫ് ലിയോണും ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Content Highlights: girl suicide after getting confiscation notice from kerala bank


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented