പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡില്‍ പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തി പണമുണ്ടാക്കിയ കേസില്‍ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഇന്ദ്രാണി, രണ്ടാനച്ഛന് സയ്യിദ് അലി, ഇവര്‍ക്ക് സഹായം നല്കിയ മാലതി എന്നിവരെ അറസ്റ്റ് ചെയ്തു.
വീട്ടില്‍ കടുത്ത പീഡനം നേരിട്ട പെണ്‍കുട്ടിയെ രണ്ടാനച്ഛന് നിരവധി തവണ ലൈഗിംകമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്ക്കാന് ഇരുവരും ശ്രമിച്ചിരുന്നു. ഓരോ തവണയും വില്‍പ്പനയിലൂടെ 20,000 രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ തടവില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പിന്നീട് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ ആറംഗ ഉന്നതതല സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംസ്ഥാനത്തെ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളിലെത്തി പെണ്‍കുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് സംഘം കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഇതില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡും ഇവര്‍ നിര്‍മിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് മാലതിയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നു പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ദ്രാണിക്ക് ആദ്യവിവാഹത്തിലുണ്ടായ കുട്ടിയാണിത്. ആദ്യ ഭര്‍ത്താവുമായി ഇവര്‍ നേരത്തെ പിരിഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..