മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച നഫാത്ത് തയ്യാറാക്കിയ വാർത്ത, നഫാത്ത് ഹത്താഹ്
രാമനാട്ടുകര: തീവണ്ടിതട്ടി അകാലത്തില്‍ വിടപറഞ്ഞ ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നഫാത്ത് ഫത്താഹ് പഠനത്തിലും പഠനേതരരംഗത്തും കഴിവുതെളിയിച്ച മിടുക്കി.
കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാവായ നഫാത്ത് മാതൃഭൂമി സീഡ് റിപ്പോര്ട്ടര്കൂടിയായിരുന്നു. പ്രസംഗവും പ്രശ്നോത്തരിയും റോബോട്ടിക്സുമെല്ലാം അവളുടെ ഇഷ്ടവിഷയങ്ങളായിരുന്നെന്ന് സ്കൂളിലെ അധ്യാപകനായ സി.പി. സൈഫുദ്ദീന് സാക്ഷ്യപ്പെടുത്തുന്നു. വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ പുസ്തകാസ്വാദനരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നൂതനരീതിയില്‍ നിര്‍മിച്ചതിനാണ് ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയത്. കടലുണ്ടിപ്പുഴയും ചാലിയാര്‍പ്പുഴയും അതിരിടുന്ന ചെറുമാട്ടുമ്മല്‍ തോട്ടിലെ മാലിന്യപ്രശ്നം മാതൃഭൂമിയിലൂടെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത് നഫാത്താണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസാതല പത്താം ക്ലാസ് പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷനോടുകൂടിയാണ് വിജയിച്ചത്.
സെല്‍ഫി എടുക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാര്‍ഥിനി മരിച്ചു
ഫറോക്ക്: റെയില്‍വേ പാലത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തീവണ്ടി തട്ടി പുഴയില്‍വീണ് വിദ്യാര്‍ഥിനി മരിച്ചു. ഫറോക്ക് കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തില്‍ മുഹമ്മദ് ഇഷാമിനെ (16) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം.
ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം ചാലിയാറിന് കുറുകെയുള്ള റെയില്‍വേ പാലത്തിലാണ് അപകടം നടന്നത്. സെല്‍ഫിയെടുക്കുന്നതിനിടെ കോയമ്പത്തൂര്‍ മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നഫാത്ത് പുഴയിലേക്കും ഇഷാം റെയില്പ്പാളത്തിലേക്കും വീണു. ഒഴുക്കില്‍പ്പെട്ട നഫാത്തിന്റെ മൃതദേഹം ബേപ്പൂരിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കരുവന്തിരുത്തി ചിറായിവീട്ടില് കളത്തിങ്ങല്‍ ഫത്താഹ് ആണ് മരിച്ച നഫാത്തിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: നസിയ ഫത്താഹ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..