ശ്രീലക്ഷ്മി, പ്രതീകാത്മക ചിത്രം
മെഡിക്കൽ കോളേജ്: അയൽവീട്ടിലെ നായയുടെ കടിയേറ്റ പത്തൊമ്പതുകാരി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെയും സിന്ധുവിന്റെയും മകൾ ശ്രീലക്ഷ്മിയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കടിയേറ്റതിനെത്തുടർന്ന് ശ്രീലക്ഷ്മി മുഴുവൻ പ്രതിരോധ വാക്സിനും സിറവും എടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ച പുലർച്ചെ പേവിഷലക്ഷണത്തോടെ മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് പൂർണമായും ലക്ഷണം കാണിച്ചു.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളർത്തുനായ ഇടതുകൈവിരലുകളിൽ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തു. മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിൻകൂടി എടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒന്ന് സ്വകാര്യ ആശുപത്രിയിൽനിന്നുമാണ് എടുത്തത്.
ജൂൺ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതൽ പനി തുടങ്ങി. അസ്വസ്ഥതകൾ വർധിച്ചതോടെയാണ് ചികിത്സയ്ക്കെത്തിയത്.
ശ്രീലക്ഷ്മിയെ കടിച്ച നായ അതേ ദിവസം ഉടമസ്ഥൻ വൃദ്ധനെയും കടിച്ചിരുന്നു. ചികിത്സ തേടിയ അദ്ദേഹത്തിന് രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധകുത്തിവെപ്പ് നൽകും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.
കോയമ്പത്തൂർ നെഹ്റു കോളേജിൽ ബി.സി.എ. വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. സഹോദരങ്ങൾ: സിദ്ധാർത്ഥ്, സനത്ത് (ഇരുവരും ബെംഗളൂരു). സംസ്കാരം നടത്തി.
പെൺകുട്ടി മരിച്ചത് പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിക്കാൻ ശരീരത്തിൽനിന്നെടുത്ത സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അപൂർവസംഭവമായതിനാൽ സംശയദൂരീകരണത്തിനായാണ് പരിശോധന നടത്തുന്നത്.

അപൂർവം ഈ ദുരന്തം
വാക്സിനെടുത്തിട്ടും മരിക്കുന്നത് അപൂർവമായി സംഭവിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. എല്ലാ മരുന്നുകളും എല്ലാവരിലും ഫലിക്കണമെന്നില്ല. അതുകൊണ്ട് പ്രതിരോധ വാക്സിൻ ശ്രീലക്ഷ്മിയുടെ ശരീരത്തിൽ ഫലിച്ചിരിക്കില്ലെന്ന നിഗമനത്തിലാണ് മെഡിക്കൽ കോളേജിലെ ഫാർമക്കോളജി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ.
മരുന്നിന്റെ ഗുണനിലവാരക്കുറവുകൊണ്ടും സംഭവിക്കാമെങ്കിലും ശ്രീലക്ഷ്മി കുത്തിവെപ്പെടുത്ത ദിവസം മറ്റുപലർക്കും മരുന്ന് നൽകിയതിനാൽ ആ സാധ്യത ഡോക്ടർമാർ തള്ളുകയാണ്. സംഭവത്തിൽ ആരോഗ്യവകുപ്പിന് മെഡിക്കൽ കോളേജ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. വിഷയത്തിൽ ആഴത്തിലുള്ള പഠനവും അന്വേഷണവും നടത്തണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടും. വെള്ളിയാഴ്ച ഉന്നതതലയോഗവും മെഡിക്കൽ കോളേജിൽ ചേരുമെന്ന് പ്രിൻസിപ്പൽ പ്രതാപ് സോമനാഥ് അറിയിച്ചു. മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൽ, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.
അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: പാലക്കാട്ട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരിച്ചത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പാലക്കാട് ജില്ലാ സർവയലൻസ് ഓഫീസറുടെ നേതൃത്വത്തിൽ ദ്രുതകർമസേന രൂപവത്കരിച്ചാണ് അന്വേഷിക്കുക.
എടതിരിഞ്ഞിയിൽ കഴിഞ്ഞദിവസം ചത്ത തെരുവുനായയ്ക്ക് പേവിഷബാധ; മറ്റുള്ളവയെ പിടികൂടി നിരീക്ഷണത്തിൽ വയ്ക്കും
എടതിരിഞ്ഞി: കഴിഞ്ഞ ദിവസം ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പോത്താനിയിലാണ് കഴിഞ്ഞ ദിവസം തെരുവുനായയെ ചത്തനിലയിൽ കണ്ടത്. ഇവിടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. എടതിരിഞ്ഞി പോസ്റ്റോഫീസ് പരിസരത്തും സ്കൂൾ പരിസരത്തും മരോട്ടിക്കലിലുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.രണ്ടാഴ്ചമുമ്പാണ് നാല് വിദ്യാർഥികൾക്കും ഒരു വീട്ടമ്മയ്ക്കും തെരുവുനായയുടെ കടിയേറ്റത്. തൊഴിലുറപ്പ് തൊഴിലാളികളെയും ഉപദ്രവിച്ചു
അടിയന്തര വന്ധ്യംകരണം നടത്തേണ്ടത് 15000 തെരുവുനായ്ക്കളെ; പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു
തൃശ്ശൂർ: ജില്ലയിൽ അടിയന്തരമായി വന്ധ്യംകരണം നടത്തേണ്ടത് 15000 തെരുവുനായ്ക്കളെ. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ജില്ലയിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
ജില്ലയിലെ നിലവിലുള്ള സെന്ററുകൾ ഉപയോഗപ്പെടുത്തി വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തും. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള അഞ്ച് സെന്ററുകൾ രണ്ടു മാസത്തിനുള്ളിൽ പൂർണ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ.കെ. ശ്രീലത, ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം.എൻ. സുധാകരൻ, തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സൂരജ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..