തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി തലസ്ഥാനത്ത് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ അതൃപ്തി അറിയിച്ച് സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍. വീടുകള്‍ കയറിയുള്ള ജനസമ്പര്‍ക്ക പരിപാടിക്കായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സംസ്ഥാന ബിജെപി നേതാക്കള്‍ക്കൊപ്പം ജോര്‍ജ്ജ് ഓണക്കൂറിന്റെ വീട്ടിലെത്തിയപ്പോഴാണ് പൗരത്വ നിയമ ഭേദഗതിയില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. 

ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കി ആറ് മതങ്ങളെ പൗരത്വ ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ നടപടി ശരിയായില്ലെന്നും മുസ്ലീങ്ങളെ മാത്രം ഒഴിവാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിന് എതിരാണെന്നും ജോര്‍ജ്ജ് ഓണക്കൂര്‍ മന്ത്രിയോട് പറഞ്ഞു.

നിയമം ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും താന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ കുടിയേറ്റക്കാരായ നല്ല മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇതിനുള്ള കിരണ്‍ റിജ്ജുവിന്റെ മറുപടി. നിയമത്തിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാന്‍ സംസ്ഥാനത്ത് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ നടത്തിയ ബിജെപിയുടെ ആദ്യ ഗൃഹ സന്ദര്‍ശന പരിപാടിയായിരുന്നു ഇത്. 

അതേസമയം ജനാധിപത്യത്തില്‍ വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പിന്നീട് കിരണ്‍ റിജ്ജു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കേന്ദ്ര നിയമത്തിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. 

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നേരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ഉപവാസത്തില്‍ ജോര്‍ജ്ജ് ഓണക്കൂര്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തലസ്ഥാനത്തെ ആദ്യ ഗൃഹസന്ദര്‍ശനത്തിന് ഓണക്കൂറിന്റെ വസതി തന്നെ ബിജെപി തിരഞ്ഞെടുത്തത്. എന്നാല്‍ ആദ്യ ഗൃഹ സന്ദര്‍ശനം തന്നെ ബിജെപിക്ക് തിരിച്ചടിയാവുകയും ചെയ്തു.

പൗരത്വ നിയമ ഭേദഗതി ബോധവത്കരണത്തിന്റെ ഭാഗമായി പത്ത് ദിവസത്തെ പ്രചാരണ പരിപാടികളാണ് ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നത്. രാജ്യത്താകമാനം മൂന്ന് കോടി വീടുകള്‍ കയറി നിയമത്തെക്കുറിച്ച് വിശദീകരിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്.

Content Highlights; george onakkoor express his opinion on citizenship amendment act