പാറപൊട്ടിക്കലും ഉരുള്‍പൊട്ടലും തമ്മില്‍ ബന്ധമില്ലെന്നും കാലാവസ്ഥ മാറിയതിനാല്‍ ഇനി വേണ്ടത് ഭൂവിനിയോഗത്തിലുള്ള മാറ്റമാണെന്നും പ്രമുഖ ജിയോളജിസ്റ്റ് പ്രൊഫ. കെ.പി. ത്രിവിക്രംജി. കേരളത്തില്‍ അടിക്കടിയായി പ്രളയവും ഉരുള്‍പൊട്ടലുമുണ്ടാകുമ്പോള്‍ ഉണ്ടായ മാറ്റങ്ങളെപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം അസാധാരണമായൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. അതിവര്‍ഷവും ഉരുള്‍പ്പൊട്ടലും പ്രളയവും കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു, ഇതൊക്കെ ഭൂപ്രകൃതിയില്‍ എന്തൊക്കെ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്?

പല കാരണങ്ങള്‍കൊണ്ടും ഇപ്പോഴുള്ളത് അസാധാരണ മഴക്കാലമാണ്. കഴിഞ്ഞ 120 വര്‍ഷങ്ങളുമായി താരതമ്യം ചെയ്താല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഏറ്റവും അധികം മഴ ലഭിച്ചിരിക്കുന്നു. ഇത് മാത്രമല്ല ഒക്ടോബറിലെ ഓരോ കലണ്ടര്‍ ദിനങ്ങളിലും എത്രമഴ പെയ്തു എന്നതാണ് പ്രധാനം. 

കേരളത്തിലെ മണ്‍സൂണ്‍ കാലത്തിനു മുമ്പ് പെയ്യുന്ന മഴയെ സമ്മര്‍ റെയിന്‍ അല്ലെങ്കില്‍ വേനല്‍ മഴ എന്ന് വിളിക്കും. ജൂണ്‍ മാസത്തില്‍ ആദ്യ ആഴ്ചകളില്‍ മഴവെള്ളം മണ്ണ് സ്വാംശീകരിക്കും. മണ്ണിലെ സുഷിരങ്ങള്‍ മുഴുവന്‍ വെള്ളം നിറഞ്ഞ് കഴിഞ്ഞാല്‍ വെള്ളത്തിനെ മണ്ണിന് പിടിച്ച് നിര്‍ത്താന്‍ സാധിക്കാതെ വരും. അതിനാല്‍ അവയെല്ലാം ഒഴുകി പെട്ടന്ന് നദികളിലേക്ക് പോകും. 

ഇങ്ങനെയുള്ള സാഹചര്യത്തിലുള്ള മണ്ണിലേക്ക് കുറഞ്ഞ സമയം കൊണ്ട് അധിക മഴ പെയ്യുമ്പോള്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലുള്ള മേല്‍മണ്ണ് ഒലിച്ചുപോകും. ഭൂമിയുടെ ചെരിവനുസരിച്ച് അത് മണ്ണൊലിപ്പായും ഉരുള്‍പൊട്ടലായും മാറും. മരങ്ങള്‍ കുറഞ്ഞിരിക്കുന്ന സ്ഥലത്താണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ച്ചയായും സംഭവിച്ചിരിക്കും. 

അതിനകത്തെ സുഷിരങ്ങളില്‍ വെള്ളം നിറഞ്ഞുകഴിഞ്ഞാല്‍ മണ്ണ് ഒരു സ്ലറി പോലെയായി മാറും. ഇത് ദോശമാവുപോലെ ഒലിച്ചുവരികയാണ് ചെയ്യുക. മണ്ണും അത് ഉത്പാദിപ്പിക്കുന്ന പാറയും തമ്മില്‍ ഒരുബന്ധവും ഇല്ലാത്ത അവസ്ഥയിലാകും മഴക്കാലത്ത് മണ്ണിന്റെ അവസ്ഥ. മരങ്ങള്‍ കുറഞ്ഞതും കൃഷി ചെയ്യുന്ന സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകും. മണ്ണിന്റെ ചെരിവാണ് ഇതില്‍ പ്രധാനം. 20 ഡിഗ്രിക്ക് മേലെ ചെരിവുള്ള പ്രതലമാണെങ്കില്‍ അത് കൃഷിസ്ഥലമാണെങ്കില്‍ പോലും മഴവെള്ളത്തില്‍ കുതിര്‍ന്നുപോയാല്‍ ഇത് സ്ലറി പോലെ താഴേക്ക് പോകും. 

1986-ല്‍ നെയ്യാര്‍ കേന്ദ്രമാക്കി ഒരു പഠനം നടത്തിയിരുന്നു. സര്‍വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ടോപ്പോഗ്രാഫിക് ഷീറ്റിന്റെ 1914-ലെയും 1968-ലെയും സീരീസുകള്‍ താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഇങ്ങനെ നോക്കിയപ്പോള്‍ നെയ്യാര്‍ റിവര്‍ ബേസിനിലെ കള്ളിക്കാട് മുതല്‍ ഡാമിന്റെ ഡൗണ്‍സ്ട്രീം വരെയുള്ള മുഴുവന്‍ സ്ട്രീമുകളുടെയും നീളം കിലോമീറ്ററില്‍ അളന്നു നോക്കി. 232.7 കിലോമീറ്റര്‍ നീളം കുറഞ്ഞുവെന്നാണ് അന്ന് കണ്ടെത്തിയത്. 

ഇതിന് കാരണം കൃഷിക്ക് വേണ്ടി സ്ട്രീമുകളില്‍ തടകെട്ടി മണ്ണൊലിപ്പ് തടയാനുള്ള തടസങ്ങള്‍ ഉണ്ടാക്കിയതാണ്. ഈ അവസ്ഥയാണ് കേരളം മുഴുവന്‍ സംഭവിച്ചത്. സ്വര്‍ണത്തിന്റെ വിലയില്ലെങ്കിലും മണ്ണ് വിലപിടിപ്പുള്ളതാണ്. മണ്ണൊലിപ്പ് തടയാനായിട്ട് മണ്ണു സംരക്ഷണത്തിന്റെ ഭാഗമായി സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് വ്യാപകമായി ഇത്തരം തടങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രോത്സാഹനവും നല്‍കി. 

അന്ന് മഴയുടെ അവസ്ഥ ഇങ്ങനെ ആയിരുന്നില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം യാഥാര്‍ഥ്യമായപ്പോള്‍ മഴയുടെ മട്ടും ചിട്ടയും മാറി. ആവശ്യത്തില്‍ കൂടുതല്‍ ജലം ഭൂമിയിലേക്ക് പതിച്ചു. കാലവര്‍ഷമഴയില്‍ കുതിര്‍ന്നിരിക്കുന്ന മണ്ണിലേക്കാണ് വീണ്ടും അതിവര്‍ഷമുണ്ടാകുന്നത്. അരമണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയൊക്കെയാണ് പെയ്യുന്നത്. മനുഷ്യരാണെങ്കില്‍ പോലും ഒലിച്ചുപോകാന്‍ ഇതൊക്കെ മതി. ഒഴുക്കുവെള്ളത്തിന്റെ ശക്തി അത് വളരെ കൂടുതലാണ്. പണ്ടത്തെ കാലത്തേപ്പോലെയല്ല ഇന്നത്തെ മഴയുടെ രീതിയും സ്വഭാവവും. 

rain
File Photo: Mathrubhumi 

മഴയുടെ രീതി മാറിയെങ്കില്‍ അത് ലോകം മുഴുവനുമുള്ള പ്രതിഭാസമാണ്. പക്ഷെ ജനങ്ങളോട് അതിനെ എങ്ങനെ വിശദീകരിക്കാനാകും? 

മഴയുടെ മാറ്റം ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുന്നില്ല എന്നൊര്‍ക്കണം. ഇത്തരം രൂക്ഷമായ മഴയും അതേതുടര്‍ന്നുള്ള മണ്ണിടിച്ചിലും കേരളത്തില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന പ്രതിഭാസമാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയാണ് നീലഗിരി മലകള്‍. നീലഗിരി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകുന്നത് ഹിമാലയത്തിലാണ്. എന്നാല്‍ ഉത്തരാഖണ്ഡ് ഒഴിച്ചുനിര്‍ത്തിയാല്‍  കേരളത്തിലേതുപോലെ രൂക്ഷമായ മഴ ഹിമാലയത്തിന്റെ എല്ലാ മേഖലയിലും ഉണ്ടാകാറില്ല.  അതാണ് ഞാന്‍ പറയുന്നത് നിബിഡ മരങ്ങളുള്ളിടത്ത് മണ്ണിടിച്ചില്‍ അധികം ബാധിച്ചിട്ടില്ല. 

പക്ഷെ എന്ത് ചെയ്യാനാകുമെന്ന് ചോദിക്കാം. കൃഷിയെല്ലാം മാറ്റി മുഴുവന്‍ മരം നട്ടുപിടിപ്പിക്കാന്‍ സാധിക്കില്ല. വിഷയത്തിന്റെ ശാസ്ത്രീയ വശം ജനങ്ങളെ മനസിലാക്കണം. അതാണ് വേണ്ടത്. മനുഷ്യര്‍ എല്ലാം മറക്കും. വേറൊരു സംഭവം നടക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അങ്ങോട്ടാകും. ഒരാഴ്ച കഴിഞ്ഞ് വെയിലു തെളിഞ്ഞാല്‍ ഇതൊക്കെ നമ്മള്‍ മറക്കും. 

ഓക്ജന്‍ ഉണ്ടെങ്കിലെ ജീവിക്കാനാകൂ എന്ന് പറയുന്നതുപോലെ 365 ദിവസവും വിഷയത്തിന്റെ ഗൗരവം ജനങ്ങളുടെ മനസില്‍ ഉണ്ടാകണം. ഭൗമ വിദഗ്ധരെ ആരെയും പരിഗണിക്കാതെയാണ് കേരളത്തില്‍ ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ ഒക്കെയും കൊണ്ടുവരുന്നത്. ശാസ്ത്രാന്വേഷികളായ ആളുകളെ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിലൂടെ ആളുകളെ ബോധവത്കരിക്കണം. ഓരോ സ്ഥലത്തും താമസിക്കുന്നവരോട് അവിടെ താമസിക്കുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ബോധ്യപ്പെടുത്തണം. കുഴപ്പങ്ങള്‍ ഇന്നോ നാളെയൊ ഉണ്ടാകുമെന്നല്ല. ഉണ്ടാകാമെന്ന സാധ്യതയാണ് അറിയിക്കേണ്ടത്. 

അതിവര്‍ഷത്തിന്റെ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ റിവര്‍ വാലികളിലും എവിടെയൊക്കെയാണ് നിബിഡമായ മരങ്ങള്‍ കുറവുള്ളത്, അവിടെയൊക്കെ 20 ഡിഗ്രിക്കും മുകളിലാണ് പ്രതലത്തിന്റെ ചെരിവെങ്കില്‍, കയ്യാലകളും തടയിണകളും ഉള്ളിടങ്ങളാണെങ്കില്‍ അവിടെയുള്ളവയെല്ലാം ഒലിച്ചുപോയെ മതിയാകൂ. കാരണം മഴ ഇതുപോലെ ആയിരിക്കും. 

എല്ലാ ഹൈലാന്‍ഡിലെയും ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് പാറ മാത്രമേ ഉണ്ടാകു. ഇതിനും താഴെയാണ് ചെറിയതോതില്‍ മണ്ണുണ്ടാകുക. അതിലും താഴെയാണ് മരങ്ങള്‍ വളരാന്‍ കഴിയുന്ന തരത്തില്‍ മണ്ണ് കാണപ്പെടുന്നത്. പാറയില്‍ നിന്നാണ് മണ്ണുണ്ടാവുന്നത്. ഇതില്‍ പ്രധാനമായും  ഫെല്‍ഡ്സ്പാറെന്നു പറയുന്ന ധാതുവാണ് പ്രധാനമായും ഉള്ളത്. 

ഇത് മണ്ണില്‍ കാണുന്ന ഫ്യൂമിക് ആസിഡുമുതല്‍ കാര്‍ബോണിക് ആസിഡ് മുതലായവയുമായി നൂറ്റാണ്ടുകളോളം പ്രതിപ്രവര്‍ത്തിച്ച് ഹൈഡ്രറ്റഡ് അലുമിനിയം സിലിക്കേറ്റ് അഥവാ ക്ലേ ആയി മാറും. ഇങ്ങനെ കാലങ്ങളെടുത്താണ് മണ്ണ് രൂപം കൊള്ളുന്നത്. മണ്ണുണ്ടെങ്കില്‍ മണ്ണൊലിപ്പും ഉണ്ടാകും. മുന്‍ കാലങ്ങളില്‍ അത് വളരെ കുറവായിരുന്നു. ഇപ്പോഴങ്ങനെയല്ല. അതുകൊണ്ട് കൃഷി ചെയ്യുന്നതല്ല അവരോട് എവിടെ താമസിക്കണം, ഭൂമിയുടെ രീതി അനുസരിച്ച് എന്തൊക്കെ കൃഷി ചെയ്യണം, എന്ത് രീതി അവലംബിക്കണം ഇതാണ് പറഞ്ഞുകൊടുക്കേണ്ടത്. 

പാറമടകള്‍ വ്യാപകമായത് ഉരുള്‍പൊട്ടലിന്റെ സാധ്യത വര്‍ധിപ്പിച്ചുവെന്നാണ് ഉയരുന്ന ഒരുവാദം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്രയും അവസ്ഥ കേരളം നേരിടേണ്ടി വരില്ലായിരുന്നുവെന്ന് പറയുന്നവരുമുണ്ട്. അതേപ്പറ്റി എന്താണ് അഭിപ്രായം?

2008 ലോ മറ്റോ കേന്ദ്രത്തിന് ഒരു മൈനിങ് പോളിസി കേരളം അയച്ചുകൊടുത്തിരുന്നു. അതിനൊപ്പം പാറമടകളുടെ പുനരുപയോഗം സംബന്ധിച്ച പഠനവും നടന്നിരുന്നു. അതിന്റെ ഭാഗമായിരുന്നു ഞാന്‍. കേരളത്തിലെ മിക്ക ജില്ലകളിലെയും ഒന്നോ രണ്ടോ ക്വാറികള്‍ ഇതിന്റെ ഭാഗമായി സന്ദര്‍ശിച്ചിരുന്നു. 

ലോകത്ത് എല്ലായിടത്തും പല തലമുറകളോളം നിലനില്‍ക്കുന്ന എന്ത് പണിയണമെങ്കിലും പാറയെടുത്തേ പറ്റൂ. മണ്ണിന് മൂന്ന് കോളങ്ങളുണ്ട് എ,ബി,സി.  ഇതില്‍ സി എന്നതാണ് ബേസ്മെന്റ് റോക്ക്. ബിയാണ് മണ്ണായി മാറിക്കൊണ്ടിരിക്കുന്ന ധാതുക്കള്‍ നിറഞ്ഞ പാറയുടെ ഭാഗം. എ എന്നത് മേല്‍മണ്ണും. 

landslide
മലപ്പുറം ഓടക്കയത്തിനു സമീപം 2018-ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം| Photo: Mathrubhumi 

എവിടെയെല്ലാം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം കാണപ്പെടുന്നത് മഞ്ഞ നിറത്തിലുള്ള ഉരുളന്‍ കല്ലുകളാണ്. കെമിക്കല്‍ വെതറിങ് നടന്ന മണ്ണാകുന്ന കല്ലുകളാണ് ഇത്. ഇങ്ങനെ നോക്കിയാല്‍ പാറമടയില്‍ പാറ പൊട്ടിക്കുന്നതുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടാകില്ല. 

മഴക്കാലത്ത് മേല്‍മണ്ണിന് അതിന്റെ ബേസ്മെന്റ് റോക്കുമായി ശക്തമായ ബന്ധമുണ്ടാകില്ല. ഇതിനകത്ത് നിറയെ ചെറിയ സുഷിരങ്ങളുണ്ടാകും. അതില്‍ വെള്ളം നിറഞ്ഞ് കുതിര്‍ന്ന അവസ്ഥയിലും. അതുകൊണ്ടാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. 

ഇനി മഴ മാറ്റിനിര്‍ത്താം. എത്ര പാറ പൊട്ടിച്ചാലും മേല്‍മണ്ണില്‍ അതിന്റെ ആഘാതം വളരെ കുറവായിരിക്കും. അപ്പോള്‍ ചോദിക്കും പാറപൊട്ടിച്ചതിനെ തുടര്‍ന്ന് വീടുകളുടെ ചുവരുകള്‍ വിണ്ടുകീറിയ വാര്‍ത്തകളൊക്കെയില്ലെയെന്ന്. അങ്ങനെ പറയുമ്പോള്‍ ആ വീടുകളുടെ ബേസ്മെന്റാണ് പരിശോധിക്കേണ്ടത്. വീടിന്റെ ഫൗണ്ടേഷന്‍ മണ്ണിലാണോ അതോ ഉറപ്പുള്ള പാറയിലാണോ എന്ന് നോക്കണം.

പാറമടയില്‍ ഡൈനമിറ്റ് വെച്ച് പാറപൊട്ടിച്ചാല്‍ അതിന്റെ പ്രകമ്പനം മണ്ണിലൂടെയല്ല പാറയില്‍ കൂടെയാണ് കൂടുതലും കടന്നുപോവുക.  മണ്ണിലേക്ക് അതെത്തുമ്പോഴേക്കും പ്രകമ്പനം ഡിഫ്യൂസ് ചെയ്യപ്പെടും. പാറയും മണ്ണും ചേര്‍ന്നിരിക്കുന്ന സ്ഥലത്ത് മണ്ണിലേക്ക് അതിന്റെ പ്രകമ്പനം അധികം ട്രാന്‍സ്മിറ്റ് ചെയ്യില്ല. ഇനി മണ്ണിലേക്ക് എത്തിയാലും അതിലുള്ള മണ്ണിരപോലും പ്രകമ്പനം അറിയില്ല. ക്വാറിയെന്ന് പറയുന്നത് വലിയ പാപമാണെന്ന ചിന്ത നമ്മുടെ മനസില്‍ വന്നുപോയി. 

അതാണ് കാരണം. ശാസ്ത്രീയമായ അറിവിന്റെ അപര്യാപ്തതയാണ് ഇതിനൊക്കെ കാരണം. അല്ലാതെ പാറപൊട്ടിക്കുന്നതുകൊണ്ട് മണ്ണിടിച്ചിലുണ്ടാകണമെന്നില്ല. കൃഷിക്കാരെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് മുസ്സൂറി ഫോസ്ഫേറ്റ് എന്ന ധാതു. വളമായിട്ട്. മുസ്സൂറിയിലെ വലിയ മൈനുകളില്‍ നിന്നാണ് ഇതെടുക്കുന്നത്. തമിഴ്നാട്ടില്‍ കുറെ ലൈം സ്റ്റോണ്‍ മൈനുകളുണ്ട്. അതാണ് നമ്മള്‍ സിമന്റാക്കി വാങ്ങുന്നത്. 

അപ്പോള്‍ ക്വാറികളും മൈനുകളും ഡ്രില്ലിങ്ങുമൊക്കെയാണ് ഇതിനൊക്കെ കാരണമെന്ന് പറയുന്ന ആ പഴമൊഴി ആദ്യമെടുത്ത് കളയണം. ശാസ്ത്രീയമായി അതിന് ഒരടിസ്ഥാനവുമില്ല. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് രൂക്ഷമായ വേനല്‍ പോലെ രൂക്ഷമായ മഴയുമുണ്ടാകുന്നു. ഇത് നമ്മള്‍ ആരും വിചാരിച്ചാല്‍ തടുക്കാന്‍ സാധിക്കില്ല.

മാറിയ കാലാവസ്ഥയില്‍ ഭൂവിനിയോഗത്തില്‍ എങ്ങനെ മാറ്റമുണ്ടാകണം?

ഭൂവിനിയോഗത്തില്‍ രാജ്യം മുഴുവന്‍ പുതിയ രീതിയാണ് വേണ്ടത്. ഇന്ത്യയുടെ ക്ലൈമാറ്റിക് സോണുകളെ പറ്റി 99 ശതമാനം ആളുകള്‍ക്കും ഒരു ധാരണയുമില്ല. കേരളത്തില്‍ കിട്ടുന്ന മഴയും വേനലും മഞ്ഞുമൊന്നുമല്ല രാജ്യത്തിന്റെ മറ്റ് ഭാഗത്ത് കിട്ടുന്നത്. സഹ്യാദ്രിക്കപ്പുറത്ത് തമിഴ്‌നാട്ടില്‍ പോലും 100 സെന്റിമീറ്ററില്‍ താഴെമാത്രമാണ് മഴ കിട്ടുന്നത്. അതുകൊണ്ട് കേരളത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും അപ്പുറത്ത് വരുന്നില്ല.

5000 മില്ലീമീറ്റര്‍ മഴപെയ്യുന്ന സ്ഥലം പോലും കേരളത്തിലുണ്ട്. 365 ദിവസം കൊണ്ട് പെയ്യേണ്ട ഇത്രയും മഴയില്‍ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് 1000 മില്ലിമീറ്റര്‍ മഴ ഒരിടത്ത് പെയ്താല്‍ എന്താകും ഉണ്ടാവുക. ദുരന്തമാണ് സംഭവിക്കുക. 

water
ചെറുതോണി ഡാം തുറന്നതിനെ തുടര്‍ന്ന് ചെറുതോണി പാലം കവിഞ്ഞൊഴുകുന്ന വെള്ളം| File Photo: Mathrubhumi 

ഭൂമിയുടെ താപനില 1.5യില്‍ കൂടുന്നത് തടയാന്‍ ശ്രമിക്കുമെന്ന് പറയുമ്പോള്‍ എന്താണ് സാധാരണക്കാരന്‍ മനസിലാക്കേണ്ടത്. ചൂടുകൂടുമ്പോള്‍ സമുദ്ര ജലം ബാഷ്പമായി മാറി അന്തരീക്ഷത്തിലേക്ക് എത്തുന്നുവെന്നാണ്. മുകളില്‍ പോയാല്‍ താഴെ വന്നേ പറ്റുകയുള്ളു. അതാണ് ചൂടുകൂടുമ്പോള്‍ മഴകൂടാന്‍ കാരണം. 

അങ്ങനെയുള്ളപ്പോള്‍ ചെരിവുള്ള മലമ്പ്രദേശത്ത് മഴ പെയ്യുമ്പോള്‍ വന്‍തോതില്‍ മണ്ണിടിച്ചിലുണ്ടാകും. ഒന്ന് മറ്റൊന്നിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഇത്തരം അറിവാണ് ജനങ്ങള്‍ക്ക് വേണ്ടത്. ഇത് ക്ലാസ് റൂമിലോ സെമിനാറിലോ പറഞ്ഞിട്ട് കാര്യമില്ല. ഇതറിയേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ലെവലിലാണ്. അവരാണ് ജനങ്ങളുമായി ഏറ്റവുമധികം ഇടപഴകുന്നത്. അവരെയാണ് ഇക്കാര്യം ആദ്യം പറഞ്ഞ് മനസിലാക്കേണ്ടത്.

വരും വര്‍ഷങ്ങളില്‍ ഇപ്പോള്‍ എവിടെല്ലാം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ടോ, അവിടെ അത് ആവര്‍ത്തിക്കില്ല. എന്നാല്‍ എവിടെല്ലാം ഉരുള്‍പൊട്ടല്‍ വന്നില്ലയോ അവിടെല്ലാം 20 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശമാണെങ്കില്‍ അവിടങ്ങളില്‍ തീര്‍ച്ചയായും ചെറുതും വലുതുമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകും. ഉണ്ടായ സ്ഥലത്ത് വീണ്ടുമുണ്ടാകില്ല. 

ഇതൊക്കെ തടയാന്‍ കൃഷി ചെയ്യുന്നവരോട് അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. തദ്ദേശ സ്ഥാപനങ്ങള്‍ ബോധവത്കരണം നടത്തുമ്പോള്‍ റബ്ബര്‍ ബോര്‍ഡും, ടീ ബോര്‍ഡുമൊക്കെ അവ നടപ്പിലാക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണം.

content highlights: geologist thrivikramji on landslide and unusual rain pattern in kerala