ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദം; ലീഗിനൊപ്പം കൈകോര്‍ത്ത് കാന്തപുരം വിഭാഗം


കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, എം.കെ മുനീർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരേ മുസ്ലിംലീഗിനൊപ്പം ചേര്‍ന്ന് കാന്തപുരം സുന്നിവിഭാഗവും. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെതിരേ മുസ്ലിംലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്ലിംസംഘടനകളുടെ യോഗത്തില്‍ കാന്തപുരം സുന്നിവിഭാഗവും പങ്കെടുത്തു.

വഖഫ്ബോര്‍ഡ് നിയമനവിഷയത്തിലടക്കം ലീഗിന് വിരുദ്ധമായ നിലപാടാണ് കാന്തപുരം വിഭാഗത്തിനുണ്ടായിരുന്നത്. ലീഗ് വിളിച്ചുചേര്‍ക്കുന്ന മുസ്ലിംസംഘടനകളുടെ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാറായിരുന്നു പതിവ്. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിനെതിരായ വിഷയത്തില്‍ ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാന്തപുരം വിഭാഗം പങ്കെടുക്കുന്നത്. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ ലീഗിന്റേതുള്‍പ്പെടെയുള്ള സംഘടനകളുടെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചതും. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയത്തിനെതിരേ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണം നടത്തുമെന്ന് യോഗശേഷംനടന്ന പത്രസമ്മേളനത്തില്‍ പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍കഴിയില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം സംഘടനകള്‍ നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസവും ജീവിതമര്യാദയും റദ്ദ് ചെയ്ത് കേരളത്തിലെ കലാലയങ്ങളില്‍ ഏക പക്ഷീയമായ ലിബറല്‍ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ലിംഗവിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഇത് കേവലവസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുസര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വം നടപ്പാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ ഈ ശ്രമത്തില്‍നിന്ന് പിന്‍മാറണമെന്നും മുസ്ലിംസംഘടനകള്‍ ആവശ്യപ്പെട്ടു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വെറും വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, വേഷം അതിലൊന്ന് മാത്രമാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പറഞ്ഞു. ലോകത്ത് ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയ പലരാജ്യങ്ങളും പശ്ചാത്യവത്കരണത്തില്‍നിന്ന് പിന്‍മാറി. വേഷത്തിന്റെ കാര്യംമാത്രമായി ഇതിനെ ഒതുക്കാന്‍കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളീയവും ഭാരതീയവുമായ പാരമ്പര്യത്തിന് എതിരാണിതെന്ന് കാന്തപുരം വിഭാഗം പ്രതിനിധി പ്രൊഫ. എ.കെ. അബ്ദുള്‍ ഹമീദും വ്യക്തമാക്കി.

ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., മുസ്ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട്, ശൈഖ്മുഹമ്മദ് കാരക്കുന്ന്, പി.എന്‍. അബ്ദുല്ലത്തീഫ് മദനി, ടി.കെ. അഷറഫ്, ഇ.പി. അഷറഫ് ബാഖവി, പി.എം. ഹനീഫ്, ശിഹാബ് പൂക്കോട്ടൂര്‍, സി. മരക്കാരൂട്ടി, അബ്ദുല്‍സലാം വളപ്പില്‍, പ്രൊഫ. കടവനാട് മുഹമ്മദ്, മമ്മദ്കോയ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Gender Neutral Unifrom, Kanthapuram group joins hands with the league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented