കൊച്ചി:ഭൂമി ഇടപാടുകളില്‍ ക്രമക്കേട് നടത്തിയതിന്‌ ജിസിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍.വേണുഗോപാലിനും മറ്റു മൂന്ന് പേര്‍ക്കുമെതിരെ വിജിലന്‍സ് കേസ്. വേണുഗോപാല്‍ ജിസിഡിഎ ചെയര്‍മാനായ 2013-15 കാലയളവില്‍ കൊച്ചി നഗരത്തില്‍ നടത്തിയ നാലു ഭൂമി ഇടപാടുകളിലാണ് വന്‍ ക്രമക്കേട് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

ഈ നാലു ഇടപാടുകളിലും കൂടി ഏഴു കോടി 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നത്. ടെന്റര്‍ ചെയ്തതിലും വളരെ തുച്ഛമായ വിലക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ജി.സി.ഡി.എയുടെ ഭൂമി വില്‍പന നടത്തിയെന്നാണ് വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാലയളവില്‍ ചെയര്‍മാനായിരുന്ന എന്‍.വേണുഗോപാല്‍, മുന്‍ സെക്രട്ടറി ലാലു, എക്‌സിക്യുട്ടിവ് കമ്മറ്റി മെമ്പര്‍ അക്ബര്‍ ബാദുഷ, പി.എ അബ്ദുല്‍ റഷീദ്. എന്നിവരെ പ്രതിയാക്കിയാണ് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ നല്‍കിയിട്ടുള്ളത്.

വെറും എട്ട് ലക്ഷം രൂപക്ക്  കൊച്ചിയിലെ കണ്ണായ പ്രദേശമായ ഗാന്ധി നഗറില്‍ 50 സെന്റ് ഭൂമി വിറ്റതായി വിജിലന്‍സ് കണ്ടെത്തി. ഭൂമി കൈയ്യേറി പോകുമെന്ന് പറഞ്ഞ് തേവരയിലും പനമ്പള്ളി നഗറിനടുത്തും തുച്ഛമായ വിലക്ക് ഭൂമി കൈമാറ്റം ചെയ്തതായും എക്‌സിക്യൂട്ടിവ് കമ്മറ്റി യോഗം ചേര്‍ന്നാണ് ഈ തീരുമാനങ്ങളെടുത്തതെന്നും വിജിലന്‍സ് എഫ്.ഐ.ആറില്‍ പറയുന്നു.

ടെന്റര്‍ നല്‍കിയതില്‍ 15 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്‌.