കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരിനേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തുനല്‍കി. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി.

വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്പന്‍െഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കിപ്പുറം ആഘോഷപൂര്‍വ്വം തിരികെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത് സമൂഹ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു.

കേക്ക് മുറിച്ചുള്ള ആഘോഷങ്ങള്‍ക്കും എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അധ്യാപികരെ തിരിച്ചെടുക്കാനും മുന്‍കയ്യെടുത്തത് പ്രിന്‍സിപ്പാളാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതും അംഗീകരിക്കാനാവില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടുള്ളതല്ല അദ്ദേഹം ചെയ്തിട്ടുള്ളത്. തല്‍സ്ഥാനത്ത് നിന്ന് പ്രിന്‍സിപ്പാളിനെ മാറ്റണം. കൂടെയുള്ള അധ്യാപകര്‍ക്കെതിരെ മതിയായ നടപടികള്‍ എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.