തിരുവനന്തപുരം: ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ രാജ്യാന്തര പുരസ്‌കാരം ദലൈലാമയ്ക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  പിണറായി വിജയനാണ് മികച്ച മുഖ്യമന്ത്രിക്കുള്ള പുരസ്‌കാരം. ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ്. വിജയനാണ് അവാര്‍ഡുകള്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചത്.

മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ്. ആത്മീയ സേവനത്തിനുള്ള പുരകസ്‌കാരം ശ്രീ ശ്രീ രവിശങ്കറിനും മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനുമാണ്. മാനവിക സേവനത്തിനുള്ള പുരസ്‌കാരം ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിക്കും, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ടി.കെ ജയകുമാറിനുമാണ്. വ്യവസായികള്‍ക്കുള്ള പുരസ്‌കാരത്തിന് എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി, ബി ഗോവിന്ദന്‍ എന്നിവര്‍ അര്‍ഹരായി.  മനുഷ്യസ്നേഹിക്കുള്ള പുരസ്‌കാരം ജോസഫ് പുലിക്കുന്നേലിന് മരണാനന്തര ബഹുമതിയായി നല്‍കും.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. തിരുവനന്തപുരം, ന്യൂഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി, മുന്‍ സുപ്രീം കോടതി ജഡ്ജി കെ.ടി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

content highlights: Gandhidarsan award for Dalai Lama; Pinarayi best CM