മുക്കം (കോഴിക്കോട്): ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ വിരുദ്ധ സമരം ചെയ്തവർക്കെതിരെ പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ചും എരഞ്ഞിമാവിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചും തിരുവമ്പാടി നിയോജകമണ്ഡലത്തിലും കീഴുപറമ്പ് പഞ്ചായത്തിലും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം. ബസുകള്‍ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങിയെങ്കിലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുവാടിയില്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഹര്‍ത്താലനുകൂലികളെ നേരിടാന്‍ കൊടുവള്ളി സി.ഐ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുക്കത്ത് സജ്ജരാണ്. കെ.എസ്.ആര്‍.ടി.സിയുടെ തിരുവമ്പാടി ഡിപ്പോയില്‍ നിന്നുള്ള റെയില്‍വേ സ്‌റ്റേഷന്‍ ബസ് രാവിലെ സര്‍വീസ് നടത്തിയിരുന്നു. മുക്കം റൂട്ടില്‍ തിരിച്ച് തിരുവമ്പാടിയിലേക്ക് പോവേണ്ടിയിരുന്ന ബസ് പിന്നീട് കൊടുവള്ളി വഴിയാണ് തിരുവമ്പാടിയിലേക്ക് പോയത്.

ബുധനാഴ്ച രാവിലെയാണ് എരഞ്ഞിമാവില്‍ ഒരുമാസമായി നടന്നുവന്നിരുന്ന സമരം അക്രമാസക്തമായത്. പോലീസും സമരക്കാരുമായി മണിക്കൂറുകളോളമാണ് റോഡില്‍ ഏറ്റുമുട്ടിയത്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരാനുകൂലികള്‍ തകര്‍ത്തു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അമ്പതോളം പേരെ മുക്കം, അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. രാത്രി മുക്കം പോലീസ് സ്‌റ്റേഷന് മുന്നില്‍ ലാത്തി ചാര്‍ജും നടന്നിരുന്നു.