ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ്. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും എന്‍എസ്എസ് ചൂണ്ടിക്കാട്ടുന്നു. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ആര്‍എസ്എസ് അടക്കം എല്ലാ സംഘടനകളുമായും ഒരേവിധത്തിലുള്ള സൗഹൃദമാണ് തങ്ങള്‍ക്കുള്ളത്. ഏതെങ്കിലും സംഘടനയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ എന്‍എസ്എസിന് ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കൂടുതലോ അകല്‍ച്ചയോ ഇല്ല.
അന്യായമായ ഒരു ആവശ്യവും ഒരു സര്‍ക്കാരിനോടും ഉന്നയിക്കാറില്ല. എന്‍.എസ്.എസ്സിനു വേണ്ടി ഈ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന അവധിയാക്കണമെന്നു മാത്രമാണ്. വെറും മുടന്തന്‍ ന്യായം പറഞ്ഞ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളുകയായിരുന്നു. വിശ്വാസസംരക്ഷണവും മുന്നാക്കസംവരണവുമൊക്കെ എന്‍.എസ്.എസ്സിന്റെ മാത്രം ആവശ്യമല്ല, പൊതുസമൂഹത്തെ ബാധിക്കുന്നവയാണ്. ഇക്കാര്യങ്ങളിലും ഒന്നുമാവാത്ത അവസ്ഥയാണുള്ളത്. ഈ സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ എതെങ്കിലും വിവാദങ്ങളിലോ ഇടപെടാനോ അഭിപ്രായം പറയാനോ എന്‍.എസ്.എസ്. ശ്രമിച്ചിട്ടില്ല.
മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നാണ് കൊട്ടിഘോഷിക്കുന്നത്. 10 ശതമാനം സാമ്പത്തികസംവരണം ഒരു ഭരണഘടനാഭേദഗതിയിലൂടെ രാജ്യമൊട്ടാകെ നടപ്പാക്കാന്‍ കേന്ദ്രഗവണ്മെന്റ് തയ്യാറായ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അത് നടപ്പാക്കാനുള്ള ബാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയിരുന്നു. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ നടത്തിയ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സമുദായം അംഗീകരിക്കില്ലെന്ന് വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നു.
മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യുഡിഎഫും ബിജപിയും മത്സരിക്കുന്നതാണ് കണ്ടത്. ആര്‍.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവല്‍ക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാന്‍ സമുദായ സംഘടനകള്‍ ശ്രമിക്കുന്നത്, അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്‍പ്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരന്‍ നായരെപ്പോലുള്ള നേതാക്കള്‍ മനസ്സിലാക്കണമെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു.
Content Highlights: g sukumaran nair reacts on a vijayaraghavan's criticism, nss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..