ജി സുധാകരൻ
കൊച്ചി: വൈറ്റില പാലത്തെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചവര്‍ കൊഞ്ഞാണന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പാലത്തിലൂടെ ലോറി പോയാല്‍ മെട്രോ തൂണില്‍ തട്ടുമെന്നൊക്കെയാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ആ രീതിയിലൊക്കെ ആരെങ്കിലും പാലം പണിയുമോ? അത്ര കൊഞ്ഞാണന്മാരാമോ എഞ്ചിനീയര്‍മാര്‍? അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നവരാണ് യഥാര്‍ഥത്തില്‍ കൊഞ്ഞാണന്മാര്‍, അവര്‍ക്ക് മുഖമില്ല, നാണമില്ല, ധൈര്യവും ധാര്‍മികതയുമില്ലെന്ന് മന്ത്രി പറഞ്ഞു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ല്‍ കിഫ്ബി വഴി 113 കോടി പാലത്തിന്റെ നിര്‍മാണത്തിന് വേണ്ടി അനുവദിച്ചത്. 78.36 കോടിക്കാണ് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ടെണ്ടര്‍ പിടിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അവസാന നിര്‍മാണ് ചെലവ് 87 കോടിയാണ്. പാലത്തിന്റെ ബലപരിശോധന സംബന്ധിച്ച എല്ലാ പരിശോധനകളും നടത്തി. 34 തവണ താന്‍ ഒറ്റയ്ക്കും സംഘമായും പാലത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. അതൊക്കെ ഞങ്ങളുടെ കര്‍മമാണെന്നാണ് ഞങ്ങള്‍ കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍
പാലത്തിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നു. പല പ്രചാരണങ്ങളേയും അതിജീവിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയായത്. മെട്രോ വരുമ്പോള്‍ തട്ടും എന്നൊക്കെയായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. അവര്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുകയാണ്. മറ്റൊരു ജില്ലകളിലുമില്ല ഇത്. ഏത് സര്‍ക്കാരിനെതിരേയും ഇങ്ങനെ ചെയ്യരുത്.
ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടിയെന്ന് പറയേണ്ടവര്‍ ഞങ്ങള്‍ കൊച്ചിക്ക് വേണ്ടി എന്ന് തെറ്റായ പേരിട്ട് നടക്കുകയാണ്. മൂന്നാലുപേര്‍ പറയുകയാണ് വീ ഫോര്‍ കൊച്ചി എന്ന്. ഞങ്ങളെല്ലാം ആഫ്രിക്കയ്ക്ക് വേണ്ടിയാണോ? അവര്‍ നാല് പേരാണ് കൊച്ചി..! നാണവും മാനവുമുണ്ടോ അവര്‍ക്ക്?
ആരാണ് കൊച്ചിയെ ഭരിക്കുന്നത്? അത് കൊച്ചിയിലെ ജനപ്രതിനിധികളടങ്ങുന്ന സ്ഥാപനങ്ങളാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമാണ്. എംഎല്‍എമാരും എംപിമാരുമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. നാല് പേര്‍ ഉന്മാദാവസ്ഥയില്‍ രാത്രി എന്തെങ്കിലും തീരുമാനിച്ച് നാട്ടില്‍ നടന്ന് കോപ്രായം കാണിക്കുന്ന കോമാളികളല്ല കൊച്ചി എന്താണെന്ന് തീരുമാനിക്കേണ്ടത്. ഇത് കൊച്ചിയില്‍ അല്ലാതെ എവിടെയുമില്ല.
ആലപ്പുഴ ബൈപാസ് പണി തീര്‍ത്തിട്ട് ഒരുമാസമായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് പാലം ഉദ്ഘാടനം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിട്ട്. അതോടെ പാലത്തിന്റെ ഉദ്ഘാടനം നടത്തുന്നത് നിര്‍ത്തിവെക്കുകയാണ്. അവിടെ എന്താണ് ആരും കയറാത്തത്. എന്താ പ്രതിഷേധിക്കാത്തത്? കാത്തുനില്‍ക്കുന്നതൊക്കെ നാട്ടുനടപ്പാണ്.
പാലാരിവട്ടം പാലത്തിന് പ്രശ്‌നമുണ്ടായത് പോലെ ഈ പാലത്തിനും പ്രശ്‌നമുണ്ടാക്കാന്‍ ധൃതിപിടിക്കുകയായിരുന്നു കൊച്ചിയില്‍ ചിലര്‍. വേലായുധനോട് വേണ്ട വേല, വേറെ വല്ലടത്തും പോയി നോക്കിയാ മതി. ഇവിടെ എല്ലാ ന്യായമായി നടക്കും.
Content Highlights: G Sudharan slams We for Kochi Vyttila fly over row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..