ജി. സുധാകരൻ| Photo: Mathrubhumi
ആലപ്പുഴ: കണ്ണൂരില്‍ നടക്കുന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസറിന് സുധാകരന് കത്തുനല്‍കി. ജി. സുധാകരന് പകരംപ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ ആറു മുതല്‍ പത്തുവരെ കണ്ണൂരില്‍ നടക്കുന്ന സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധിയായിരുന്നു സുധാകരന്. എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹത്തെ സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയത്. സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധി പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ഇല്ലായെന്നാണ് ഇപ്പോള്‍ സുധാകരന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസറിനെ അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കത്ത് ലഭിച്ച കാര്യം ആര്. നാസര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരന് പകരം പ്രതിനിധിയായി ഒരാളെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കായംകുളത്തുനിന്നുള്ള മഹേന്ദ്രനാണ് സുധാകരന് പകരമായി കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആലപ്പുഴയില്‍നിന്ന് പങ്കെടുക്കുക.
പ്രായപരിധിയുടെ പേരിലാണ് സംസ്ഥാനസമിതിയില്‍നിന്ന് സുധാകരനെ ഒഴിവാക്കിയത്. അദ്ദേഹത്തിന്റെ നിലവിലെ ഘടകം ബ്രാഞ്ചാണ്. ആ ഘടകത്തിലും പ്രവര്‍ത്തനത്തിലും താന്‍ സംതൃപ്തനാണെന്നാണ്, എറണാകുളം സമ്മേളനത്തിനു ശേഷം സുധാകരന് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നത്.
Content Highlights: g sudhakaran will not participate in cpm party congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..