കൊച്ചി: ശബരിമല തന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി മന്ത്രി.ജി സുധാകരന്‍. തന്ത്രി ജാതി പിശാചിന്റെ പ്രതീകമാണെന്നും ബ്രാഹ്മണനല്ല, ബ്രാഹ്മണ രക്ഷസനാണെന്നുമാണ് മന്ത്രി പറഞ്ഞത്. രാക്ഷസീയമായ ഹൃദയമാണ്‌ തന്ത്രിക്ക്. അയ്യപ്പനോട് അദ്ദേഹത്തിന് സ്‌നേഹവും കൂറും ബഹുമാനവുമില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓര്‍മയില്ല. നടയടച്ച് തന്റെ പാട്ടിന് പോകുമെന്നാണ് തന്ത്രി പറയുന്നത്. അയാളെ ഏല്‍പ്പിച്ചിരിക്കുന്ന ആ ഡെയിറ്റിയെ ആരെ ഏല്‍പ്പിച്ചിട്ട് പോകുമെന്നാണ് തന്ത്രി പറയുന്നതെന്നും ആരു നോക്കും, മുഖ്യമന്ത്രിക്ക് അയ്യപ്പനെ നോക്കാൻ പറ്റുമോ എന്നും ജി സുധാകരന്‍ ചോദിച്ചു. 

തന്ത്രിയില്‍ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്നാല്‍ ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ ആളില്‍ നിന്ന് എന്ത് ദൈവിക ശക്തി പ്രവഹിക്കുമെന്നാണ് പറയുന്നതെന്നും മന്ത്രി ചോദിച്ചു. തന്ത്രിയുടെ നടപടിയോടുള്ള സര്‍ക്കാര്‍ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 

മന്ത്രിയുടെ വാക്കുകള്‍

തന്ത്രിയോട് ഇറങ്ങിപ്പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ. അപ്പോള്‍ സര്‍ക്കാരിന്റെ നിലപാട് മനസിലായില്ലേ. 

ഗവണ്‍മെന്റല്ല തന്ത്രിയെ മാറ്റേണ്ടത്. അത് ബോര്‍ഡാണ്. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനല്ല, ആര്‍ക്കും അധികാരമില്ല. കാരണം അത് നമ്മള്‍ കൊടുത്ത സ്ഥാനമല്ല. നമ്മള്‍ കൊടുക്കുന്നത് മാത്രമെ നമുക്ക് പിന്‍വലിക്കാന്‍ പറ്റുകയുള്ളു. തന്ത്രി സ്ഥാനം പരമ്പരാഗതമായ വിശ്വാസത്തിന്റെ പുറത്ത് ലഭിക്കുന്നതാണ്. അത് പിന്‍വലിക്കാന്‍ പറ്റുകയില്ല. പക്ഷേ ശബരിമലയിലെ തന്ത്രിയായിരിക്കണമോ എന്നുള്ളത് ദേവസ്വംബോര്‍ഡിന് തീരുമാനിക്കാം. അദ്ദേഹത്തിന് വേറെ ക്ഷേത്രത്തില്‍പ്പോയി തന്ത്രിയായിരിക്കാം. ഇതൊന്നും ആര്‍ക്കും അറിയില്ല. ശബരിമലയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബോര്‍ഡിന് അധികാരമുണ്ട്. അങ്ങനെ മാറ്റിനിര്‍ത്തിയിട്ടുണ്ടല്ലോ ഞാന്‍. ഞാന്‍ മാറ്റി നിര്‍ത്തിയതല്ലേ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനെ. കണ്ഠരര് മോഹനരുടെ മൂത്ത മകനെ ഞാന്‍ മാറ്റി നിര്‍ത്തിയില്ലേ. ഒരു പ്രശ്‌നമുണ്ടായിരുന്നല്ലോ അദ്ദേഹത്തിന്. പ്രശ്‌നമെന്തെന്ന് വീണ്ടും പറഞ്ഞ് വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് ഞാന്‍ ദേവസ്വം മിനിസ്റ്ററാണ്. അന്ന് വന്ന പോലെ പരിഷ്‌ക്കാരം ഇന്നു വന്നിട്ടില്ല. അന്നാണ് മാറ്റങ്ങളൊക്കെ ആരംഭിച്ചത്. ഈ സ്ത്രീ പ്രവേശനം പോലും അന്ന് കൊടുത്ത അഫിഡവിറ്റല്ലേ.  എന്ത് വിപ്ലവകരമായ മാറ്റങ്ങളാണ്  വന്നത്. അതൊക്കെ എല്ലവരും അംഗീകരിച്ചില്ലേ?

അങ്ങനെയുള്ള ആ കാലത്താണ് ഇപ്പോഴത്തെ തന്ത്രിയുടെ ജേഷ്ഠന്‍, ബഹുമാന്യനായ കണ്ഠരര് മോഹനനുടെ മൂത്ത മകന്‍, അദ്ദേഹത്തിനൊരു അബദ്ധം പറ്റി. അതേപ്പറ്റി ആരും ചര്‍ച്ച ചെയ്യേണ്ട. അത് കഴിഞ്ഞില്ലേ. അദ്ദേഹത്തെ മാറ്റി നിര്‍ത്തി.

*കണ്ഠരര് മോഹനര് ഹൈലി റസ്‌പെക്റ്റബിള്‍ പ്രീസ്റ്റാണ്. ഹി ഈസ് എ നോബിള്‍ മാന്‍.  അദ്ദേഹവും സഹധര്‍മ്മിണിയും മക്കളുമെല്ലാം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും ആലപ്പുഴയിലെ വീട്ടിലുമെല്ലാം വരുമായിരുന്നു. ഞാന്‍ മന്ത്രിയല്ലാത്ത സമയത്തും വരുമായിരുന്നു. അദ്ദേഹം വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു. എങ്ങനെയെങ്കിലും മകനെ ഒന്ന് കയറ്റണം. അപ്പോള്‍ ഞാന്‍ അതിന്റെ ഭവിഷ്യത്ത് പറഞ്ഞ് മനസിലാക്കി. അങ്ങനെയാണ് ഈ രാജിവരര് എത്തിയത്. ഇപ്പോള്‍ തിരിച്ചെടുത്തു എന്ന് തോന്നുന്നു. അങ്ങനെയാണ് കേട്ടത്. അപ്പോള്‍ തന്ത്രിയെ മാറ്റിനിര്‍ത്തിയില്ലേ. എന്നാല്‍. തന്ത്രിസ്ഥാനം പോയില്ല. ശബരിമലയിലെ സര്‍വീസ് പോയി. അതിനൊക്കെ ഗവണ്‍മെന്റിന് അധികാരമുണ്ട്. അതിനിടെ  ഇത് രാജാവിന്റെ ആണ് തന്നേച്ച് പൊക്കോളു എന്ന്  രാജവാഴ്ചയില്‍ ജനിച്ച ചിലര്‍ അബദ്ധങ്ങളൊക്കെ പറയുന്നുണ്ട്. അപ്പോ ഈ കാര്യത്തില്‍ നമുക്ക് സംശയമില്ല. നമ്മള്‍ ഈ ഫ്യൂഡലിസത്തെ തിരിച്ചു കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നുണ്ടോ. അത് നമ്മള്‍ കുഴിച്ച് മൂടിയതാണ്. അത് ഈ നാടിന്റെ ശാപമാണ്.  

ജാതിയെക്കുറിച്ച് ഉള്ളൂരും വള്ളത്തോളും ആശാനും എല്ലാം എഴുതിയിട്ടില്ലേ. ജാതി പിശാചിനെക്കുറിച്ച് ഉള്ളൂര്‍ എഴുതിയപോലെ ആരും എഴുതിയിട്ടില്ല. ഭാരതാംബെ നിന്റെ വയറ്റിലെ ഭ്രൂണങ്ങള്‍ അലസിപ്പോയില്ലെ ഈ ജാതിപ്പിശാച് കാരണം. എന്നെഴുതിയിട്ടില്ലെ. 

ആ ജാതി പിശാചിന്റെ പ്രതീകമല്ലേ ഈ തന്ത്രി. അദ്ദേഹം ബ്രാഹമണനല്ല ബ്രാഹ്മണ രാക്ഷസനാണ്. ബ്രാഹമണന്‍ രാക്ഷസനായാല്‍ ഏറ്റവും ഭീകരനായിരിക്കും. രാക്ഷസീയമായ ഹൃദയമാണ് അദ്ദേഹത്തിന് ഉള്ളത്. അയ്യപ്പനെ അദ്ദേഹത്തിനെ ബഹുമാനമില്ല. സ്‌നേഹമില്ല, കൂറില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓര്‍മയില്ല. ഞാന്‍ പൂട്ടിയിട്ട് എന്റെ പാട്ടിന് പോകുമെന്നാണ് പറയുന്നത്. അയാളെ ഏല്‍പ്പിച്ചിരിക്കയാണ് ആ ഡെയിറ്റിയെ. എന്നാല്‍ ഞാന്‍ പൂട്ടിയിട്ട് പോകുമെന്നാണ് പറയുന്നത്. ആരെ ഏല്‍പ്പിച്ചിട്ട് പോകുമെന്ന് ? അയ്യപ്പനെ ആര് നോക്കും ? അയ്യപ്പനെ ഞങ്ങള്‍ക്ക് നോക്കാന്‍ പറ്റുമോ ? മുഖ്യമന്ത്രിക്ക് നോക്കാന്‍ പറ്റുമോ ? ദേവസ്വം ബോര്‍ഡ് മെമ്പര്‍ക്ക് നോക്കാന്‍ പറ്റുമോ? ഞാന്‍ രാജിവെച്ചു പോകുമെന്ന് പറഞ്ഞാല്‍ പോരെ. അപ്പോള്‍ ആ സ്ഥാനം വേണം, താക്കോല്‍ വേണം. അതാണ് കാര്യം.

തന്ത്രി ഇന്‍ഹ്യൂമന്‍ പ്രീസ്റ്റാണ്. ഡിവോഷണലല്ല.  ശബരിമല തന്ത്രിയില്‍ നിന്നാണ് അയ്യപ്പനിലേക്ക് ദൈവിക ശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്ത് പ്രവഹിക്കാന്‍, ഏത് ദൈവിക ശക്തി. ഒരു സഹോദരിയെ മ്ലേഛയായി കരുതി ശുദ്ധികലശം നടത്തിയ മനുഷ്യന്‍ മനുഷ്യനാണോ.

തന്ത്രി ഒരു മനുഷ്യത്വമില്ലാത്ത ആളാണ്. ഇറങ്ങിപ്പോകാന്‍ പറഞ്ഞാല്‍ അന്നേരം ഇറങ്ങിപ്പോകേണ്ടെ. എന്താ ഇറങ്ങിപ്പോകാത്തത്? മുഖ്യമന്ത്രിയാണ് പറഞ്ഞത്. പോകത്തില്ല. കാരണം അവിടെയിരുന്നാലാണ് പ്രയോജനമെന്ന് അദ്ദേഹത്തിന് അറിയാം. 

ബ്രാഹ്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണ് ഇത്. കുറേക്കാലമെടുത്താലും വീഴും. ഇവരിലുള്ള വിശ്വാസം ഇല്ലാതായി.ക്ഷേത്രങ്ങളിലൊക്കെ എല്ലാ സമുദായക്കാരും കേറാന്‍ പോകുകയാണ് പ്രീസ്റ്റായിട്ട്. 

ബ്രാഹ്ണ സമൂഹം പയസായ ഒരു വിഭാഗമാണ്. പൂന്താനത്തെയാണല്ലോ ഒരു ഐഡിയല്‍ ബ്രാഹ്മണനായി കാണുന്നത്. അദ്ദേഹമെഴുതിയില്ലോ ബ്രാഹമണരിലെ അഹങ്കാരികളെപ്പറ്റി. ഈ തന്ത്രിയെപ്പോലുള്ള അഹങ്കാരികളെപ്പറ്റി എഴുതിയില്ലേ?

തന്ത്രി അവിടെ നിന്ന് മാറിപ്പോകണെന്നാണ് ന്യായമായ ഒരു അഭിപ്രായം.കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല. അദ്ദേഹം കാണിച്ചത് തികച്ചും തെറ്റാണ്. അദ്ദേഹം കാണിച്ചത് സുപ്രീം കോടതി വിധി പറയുന്നത് പോലെ സ്ത്രീയോട് ജന്‍ഡര്‍ ഇന്നീക്വാലിറ്റി കാണിച്ചത് അയിത്തമാണ്. ശരിക്കും അതില്‍ അയിത്തമുണ്ട്. ശബരിമല പ്രശ്‌നംകാരണമുള്ള അക്രമം ഒക്കെ തീരും. എന്നും അക്രമം കാണിക്കാന്‍ പറ്റുമോ. ആര്‍എസ്എസുകാര്‍ കൈയൊഴിഞ്ഞാല്‍ തീരും. അല്ലങ്കില്‍ കയ്യില്‍ കല്ലില്ലാതെ വരുമ്പോളും ജനങ്ങളുടെ ഇടയില്‍ നിന്ന് നല്ല പ്രതികരണം വരുമ്പോഴും തീരും.- മന്ത്രി പറഞ്ഞു.

(*കണ്ഠരര് മഹേശ്വരരുടെ മൂത്ത മകൻ എന്നതിന് പകരം കണ്ഠരര് മോഹനരുടെ മൂത്ത മകൻ എന്നാണ് മന്ത്രി പറ‍ഞ്ഞത്)

content highlights G Sudhakaran slams Sabarimala tantri