ആലപ്പുഴ: നടി മഞ്ജു വാര്യര്‍ തന്റെ സാമൂഹികബോധത്തിന്റെ കണ്ണാടി മാറ്റണമെന്ന് മന്ത്രി ജി.സുധാകരന്‍. വനിതാമതിലിന് ആദ്യം നല്‍കിയ പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

മഞ്ജു വാര്യരുടെ സാമൂഹികബോധത്തിന്റെ കണ്ണാടി പഴയതാണെന്നും അത് മാറ്റണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കലാകാരി എന്ന നിലയില്‍ തനിക്ക് മഞ്ജുവിനോട് ബഹുമാനമുണ്ടെന്നും വനിതാമതിലില്‍ നിന്ന് പിന്മാറിയ അവരുടെ സാമൂഹ്യബോധത്തോടാണ് വിയോജിപ്പെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

ആദ്യം വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ നടത്തുന്ന രാഷ്ട്രീയനിറമുള്ള പരിപാടികളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സാമൂഹികമാധ്യമത്തിലെ കുറിപ്പില്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിന്ന് നേതാക്കളില്‍ ഒരാളായ മന്നത്തു പദ്മനാഭന്‍ സ്ഥാപിച്ച പ്രസ്ഥാനമായ എന്‍എസ്എസ് ശബരിമലവിഷയത്തില്‍ നവോത്ഥാനത്തിന് എതിരുനില്‍ക്കുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. 

വനിതാ മതിലില്‍ നിന്ന് പിന്മാറിയ മഞ്ജുവാര്യര്‍ക്കെതിരെ മന്ത്രി എം.എം മണിയും നേരത്തെ രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യരെ പ്രതീക്ഷിച്ചല്ല വനിതാമതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ പിന്‍മാറ്റം അതിനെ ബാധിക്കില്ലെന്നും മന്ത്രി എംഎം മണി പ്രതികരിച്ചിരുന്നു.

Content Highlights: G.Sudhakaran against Manju Warrier, Sabarimala,Women Wall