ജി. സുധാകരൻ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തെ പിന്തുണച്ച ജസ്റ്റിസ് കെമാല്‍ പാഷയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. യാചകന് വേണമെങ്കിലും പാലം ഉദ്ഘാടനം ചെയ്യാമെന്നായിരുന്നു കെമാല്‍പാഷയുടെ പ്രതികരണം. ഇതിനോട് രൂക്ഷഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. വൈറ്റില മേല്‍പാലം തുറന്ന സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയുടെ വാക്കുകള്‍
ഒരു യാചകന് വേണമെങ്കിലും ഉദ്ഘാടനം ചെയ്യാം വളരെ ബഹുമാനിക്കുന്ന ഒരു മുന്‍ ജഡ്ജി പറഞ്ഞ വാക്കുകളാണിത്. കേരളം ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് എന്തൊക്കെയാണ് ഈപറയുന്നത്. യാചകന്‍ എന്താ മോശക്കാരന്‍ ആണോ. ഏതെങ്കിലും യാചകന്‍ സര്‍ക്കാരിന്റെ പാലം ഉദ്ഘാടനം ചെയ്യുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഈ കമ്മീഷനിങ്ങ് എന്ന് പറയുന്നത് കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഉള്ളതല്ലേ. എം.എല്‍.എമാരും എം.പിമാരും പഞ്ചായത്തുകാരും ഒന്നും ഉദ്ഘാടനം ചെയ്യണ്ടാ.. കുറേ കരാറുകാര്‍ ഇഷ്ടമുള്ളതുപോലെ പണിഞ്ഞോട്ടെ അഴിമതി കൊടികുത്തി വാഴട്ടെ. ഇത് ഭരണഘടനാ വിരുദ്ധം അല്ലേ. എത്ര കോടി കേസുകളാണ് ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. പതിനായിരക്കണക്കിന് കോടതികള്‍ ഇല്ലേ.. കേസുകള്‍ സമയത്ത് തീര്‍പ്പ് കല്‍പ്പിക്കാത്തത് ജഡ്ജിയുടെ കുറ്റംകൊണ്ടാണെന്ന് പറയാന്‍ പറ്റുമോ? ഒരു യാചകന്‍ കയറി ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് കേസ് വിധിച്ചുകൊടുത്താല്‍ എങ്ങനെ ഉണ്ടാകും നമ്മള്‍ സമ്മതിക്കുമോ..
വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വീ ഫോര്‍ കൊച്ചി വൈറ്റ് കോളര്‍ മാഫിയ സംഘമാണ്. പാലാരിവട്ടം പാലം മെയില്‍ പൂര്‍ത്തിയാകും. അത് ഒന്‍പത് മാസം വൈകിപ്പിച്ചത് ഇത്‌പോലുള്ള സംഘങ്ങളാണ്. ഇ ശ്രീധരന്റെ റിപ്പോര്‍ട്ട്, മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട്, പിഡബ്യൂഡിയുടെ മൂന്ന് ചീഫ് എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ട്, പാലത്തിന്റെ മുകളില്‍ കൂടി മാത്രമല്ല താഴെക്കൂടിയും സഞ്ചാരം പാടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതെല്ലാം ഞങ്ങള്‍ കോടതിയില്‍ കൊടുത്തതാണ്. ഒന്നും വായിച്ചു നോക്കാതെ ഇതെല്ലാം വാരിയവിടെ ഇട്ടു. എന്നിട്ടു ബല പരിശോധന നടത്തിയാല്‍ മതി പാലം പൊളിക്കേണ്ട എന്ന് വിധിച്ചു. ജഡ്ജിയല്ലേ ഞങ്ങള്‍ അംഗീകരിച്ചു. അപ്പീല് കൊടുത്തു. പൊളിച്ചോളാന്‍ വിധി വന്നു. 60 ശതമാനം പണി കഴിഞ്ഞു. മെയില്‍ പാലം തുറക്കും.
Content Highlight: G sudhakaran against justice kemal pasha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..