കോഴിക്കോട്: സാധാരണ ജനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ ഡീസല്‍, പെട്രോള്‍ വില നിരന്തരം വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് അവസരം ഒരുക്കുന്ന നിലപാടില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗവ്യാപനം രാജ്യത്തെ സമസ്തമേഖലകളെയും സ്തംഭിപ്പിച്ചിരിക്കുന്നു. ഈ സമയത്താണ് സാധാരണക്കാരുടെ നടുവൊടിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നത്. മൂന്നാഴ്ചക്കിടെ പത്തു രൂപയിലേറെ പെട്രോളിനും ഡിസലിനും വില വര്‍ദ്ധിപ്പിച്ചു. വിലക്കയറ്റം ഇനിയും തുടരുമെന്നാണ് സൂചന.
വ്യാവസായിക, കാര്‍ഷിക മേഖലകള്‍ തകര്‍ന്നിരിക്കുന്നു. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. അനിയന്ത്രിതമായ ഇന്ധന വിലക്കയറ്റം ജനജീവിതം താറുമാറാക്കും. ചരക്കുകൂലി വര്‍ദ്ധനവിനും അതുവഴി അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിനും ഇതു വഴിവെക്കും. ട്രാന്‍സ്പോര്‍ട്ട് വ്യവസായം തകരും. തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതല്‍ കെടുതി അനുഭവിക്കേണ്ടി വരിക. വന്‍തോതില്‍ തൊഴില്‍ നഷ്ടം നേരിടുന്ന കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ തൊഴിലില്ലായ്മ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില രണ്ടു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നത്. ബ്രന്റ് ക്രൂഡിന്റെ അന്താരാഷ്ട്ര വില ഏപ്രിലില്‍ 21 വര്‍ഷത്തെ താഴ്ന്ന നിലയായ 15.98 ഡോളറിലേക്ക് കൂപ്പ് കുത്തിയിരുന്നു. എന്നാല്‍ നികുതി കൂട്ടി വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്കുള്ളതെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.
Content Highlights: Fuel price hiking, LJD Statement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..