തിരുവനന്തപുരം: ഇന്ധന വില വര്‍ധനവ് ജീവിത പ്രശ്‌നമെന്ന് കെ.സുധാകരന്‍. ഇന്ധനവില വര്‍ധനയ്‌ക്കെതിരേ ചൂട്ടുകെട്ടി സമരം നടത്തിയവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവിലവര്‍ധവില്‍ പ്രതിഷേധിച്ചുളള യുഡിഎഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ധനവില വര്‍ധനവിന്റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസര്‍ക്കാരാണ്. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പട്ടാപകല്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. കാളവണ്ടിയില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച, ജനശ്രദ്ധയാകര്‍ഷിച്ച, രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബിജെപിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാന്‍ മലയാളികള്‍ക്ക് പ്രയാസപ്പെടേണ്ട കാര്യമില്ല. 

കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ പരാജയത്തിന്റെ അടയാളമായി പെട്രോള്‍ വില വര്‍ധനവിനെ ചൂണ്ടിക്കാട്ടി 2012 മെയ് 23ന് മോദി ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ എന്താണ് ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.