തിരുവനന്തപുരം: ഇന്ധനവില വർദ്ധനവ് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് നികുതി ഭീകരതയെന്ന് പ്രതിപക്ഷം. സിപിഎം ഇതുവരെ കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ധനവില വര്‍ദ്ധനവില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. മോദി സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ധന നികുതിയിനത്തില്‍ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സര്‍ക്കാരിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ സന്തോഷിക്കുന്നത് സംസ്ഥാനസര്‍ക്കാരാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഒരു ദിവസം സ്‌കൂളില്‍ പോകണമെങ്കില്‍ 157 രൂപയാണ് ഒരു കുട്ടിക്ക് കൊടുക്കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളത് സങ്കടകരമായ കാര്യമാണ്. സര്‍ക്കാരിന് ഇന്ധനത്തില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന കെഎസ്ആര്‍ടിസിക്ക് സബ്‌സിഡി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന് പലതും ചെയ്യാന്‍ കഴിയുമെങ്കിലും വിമര്‍ശനം ഉന്നയിച്ച് പ്രസംഗിക്കുകയല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേന്ദ്ര സർക്കാരിനെപ്പോലെ തന്നെ സംസ്ഥാന സര്‍ക്കാരും ഇന്ധനവില വര്‍ദ്ധനവിനെ അനുകൂലിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധിക നികുതി കിട്ടിയാല്‍ കൊള്ളാമെന്നുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇത് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. യുഡിഎഫ് കാലത്തുള്ള നികുതി കുറച്ചുവെന്നും എല്‍ഡിഎഫ് നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

Content Highlights: Fuel price hike is a state sponsored tax terror says opposition