തിരുവനന്തപുരം: 100 കടന്ന പെട്രോള്‍ വില വര്‍ധനവിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍. കൂട്ടിയവരെ കുറിച്ച് അഭിപ്രായം വല്ലതും തുറന്നുപറഞ്ഞാല്‍ ആയിഷ സുല്‍ത്താനയുടെ ഗതിയാകുമെന്നാണ് പെട്രോള്‍ വില വര്‍ധനയെ കുറിച്ച് ഒരാള്‍ പ്രതികരിച്ചത്.

'സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് എന്തും ചെയ്യാം. ഇതിനെ ന്യായീകരിക്കാന്‍ വരുന്ന കുറേ തൊഴിലാളികള്‍ ഉണ്ട്. അവരെ ഓര്‍ത്താണ് സങ്കടം തോന്നുന്നത്. കൂട്ടിയവരെ കുറിച്ച് അഭിപ്രായം വല്ലതും തുറന്നുപറഞ്ഞാല്‍ ആയിഷ സുല്‍ത്താനയുടെ ഗതിയാകും. ഞങ്ങളെ പിടിച്ച് അകത്തിടും. ആ നിലയ്‌ക്കേ അവരുടെ അടുത്ത് പറയാനാകൂ.' സംസ്ഥാനത്ത് ആദ്യമായി ഒരു ലിറ്ററിന് 100 രൂപ കടന്ന പാറശാലയിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിക്കാനെത്തിയ കൃഷിക്കാരനായ വ്യക്തി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ഇന്ന് സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 പൈസയാണ് വില. 

തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ്. 22 ദിവസത്തിനിടയില്‍ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.

Content Highlights: Fuel Price Hike