തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ധനവില വര്‍ധിച്ചു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി. ഈ മാസം ഒമ്പതാം തവണയാണ് വില വര്‍ധിക്കുന്നത്. 

അതേസമയം പുതുക്കിയ പാചകവാതക വിലയും ഇന്നുമുതല്‍ നിലവില്‍ വന്നു. സിലിന്‍ഡറിന് അമ്പതുരൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഒരു സിലിന്‍ഡറിന്റെ (14.2 കിലോഗ്രാം) വില 769 രൂപയായി. നിലവില്‍ 719 രൂപയായിരുന്നു വില.

പര്‍ബനിയില്‍ പെട്രോളിന് സെഞ്ച്വറി

മുംബൈ: ഔറംഗബാദിനടുത്ത പര്‍ബനിയില്‍ പെട്രോള്‍വില 100 രൂപ കടന്നു. ഇന്ത്യയിലെത്തന്നെ കൂടിയ വിലയാണിത്. ഞായറാഴ്ച രാവിലെ 28 പൈസ കൂടിയതോടെയാണ് വില 100 കടന്നതെന്ന് പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ ബേഡുസുര്‍ക്കര്‍ പറഞ്ഞു. ലിറ്ററിന് 100 രൂപ 16 പൈസയാണ്. നാസിക്കിലെ മാന്‍മാഡില്‍നിന്നാണ് ടാങ്കറുകളില്‍ പര്‍ബനിയില്‍ പെട്രോളെത്തിക്കുന്നത്. പര്‍ബനിയിലേക്ക് 340 കിലോമീറ്ററുണ്ട്. ഓരോ ടാങ്കറിനും 3000 രൂപ അധികം നല്‍കേണ്ടിവരുന്നുണ്ട്. കടത്തുകൂലികാരണമാണ് മറ്റിടങ്ങളിലേക്കാള്‍ ഉയര്‍ന്ന വില.

 

Content Highlights: Fuel Price Hike