കോഴിക്കോട് : കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായിപ്പോയ ക്ഷീര കര്‍ഷകരുടെ പ്രശ്‌നത്തിന്  പരിഹാരമായി. ഞായറാഴ്ച മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി നടത്തിയ ചര്‍ച്ചയിലാണ് മുഴുവന്‍ പാലും സംഭരിക്കാനുള്ള തീരുമാനമായത്.

ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധസദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലൂടെ പാല്‍ വിതരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവും.

മില്‍മയുടെ തിരുവനന്തപുരം, എറണാകുളം മേഖല യൂണിയനുകള്‍ മലബാറില്‍നിന്ന് പാല്‍ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി നല്‍കാമെന്ന് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറികള്‍ സമ്മതിച്ചിട്ടുണ്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മ തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Content Highlights:  From Sunday, Milma will store milk from Farmers