അശ്വന്ത് വിജയൻ
ചവറ: പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്ത യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നീണ്ടകര വേട്ടുതറയില്‍ സൂര്യ പ്രസ് നടത്തിയിരുന്ന ചവറ കുരിശുംമൂട് സൂര്യവസന്തവിലാസത്തില്‍ പരേതനായ വിജയതുളസിയുടെയും രമ്യയുടെയും മകന്‍ അശ്വന്ത് വിജയനാ(22)ണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സുഹൃത്തുക്കള്‍ അശ്വന്തിന്റെ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി. ചവറ പോലീസിനെതിരേ അന്വേഷണം വേണമെന്ന് ബന്ധുക്കളും വിവിധ പാര്‍ട്ടിപ്രവര്‍ത്തകരും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച രാവിലെയാണ് അശ്വന്തിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചവറ പോലീസ് അശ്വന്തിനെ വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോണ്‍ സ്റ്റേഷനില്‍ പിടിച്ചുവെച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ വിഷമത്തില്‍ അശ്വന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ പോക്‌സോ അടക്കമുള്ള കേസുകളില്‍പ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി അശ്വന്ത് പറഞ്ഞിരുന്നെന്നു ബന്ധുക്കള്‍ അറിയിച്ചു.
ഉന്നത പോലീസുദ്യോഗസ്ഥരെത്തി ചര്‍ച്ച നടത്തി അന്വേഷണം നടത്താമെന്ന ഉറപ്പിന്മേല്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. സംഭവമറിഞ്ഞ് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ., മുന്‍മന്ത്രി ഷിബു ബേബിജോണ്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അശ്വന്തിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കുകമാത്രമാണ് ചെയ്തതെന്ന് ചവറ പോലീസ് പറഞ്ഞു. മാനസികമായോ ശാരീരികമായോ യുവാവിനെ വേദനിപ്പിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
നടപടി സ്വീകരിക്കണം -എന്‍.കെ.പ്രേമചന്ദ്രന്‍
പോലീസിന്റെ മാനസികസമ്മര്‍ദം കാരണം ആത്മഹത്യചെയ്ത യുവാവിന് നീതി കിട്ടുന്നതരത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം അശ്വന്തിനെ ഭീഷണിപ്പെടുത്തുകയും ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തതിന്റെ മാനസികാഘാതത്തിലാണ് ഒരുയുവാവിന്റെ ജീവന്‍ ഇല്ലാതായത്-എം.പി.പറഞ്ഞു.
പോലീസ് നയങ്ങള്‍ക്കു വിരുദ്ധം-ഡി.വൈ.എഫ്.ഐ.
ഇടതുപക്ഷസര്‍ക്കാരിന്റെ പോലീസ് നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ചവറ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളെ വെല്ലുവിളിക്കുന്ന ചില പോലീസുകാരാണ് എല്ലാ പ്രശ്‌നത്തിനും വഴിവെക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
ഓച്ചിറയിലും ചവറയിലും പോലീസുകാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രാഥമികവിവരങ്ങള്‍ ശേഖരിച്ചു. ഡി.ഐ.ജി. ആര്‍.നിശാന്തിനി, സിറ്റി പോലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ് എന്നിവരാണ് കരുനാഗപ്പള്ളി എ.സി.പി. ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചത്.
പോലീസിനെതിരേ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചശേഷം വിഷക്കായ കഴിച്ചു പ്ലസ്വണ്‍ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച സംഭവം ഓച്ചിറയ്ക്കടുത്താണ് നടന്നത്. ചവറയില്‍ യുവാവിന്റെ മരണത്തിനുപിന്നില്‍ പോലീസിന്റെ മാനസികപീഡനമുണ്ടെന്ന് ബന്ധുക്കളുടെ ആരോപണവും ഉയര്‍ന്നിരുന്നു.
Content Highlights: friendship with daughter of police, threatened, suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..