കാനം രാജേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം, സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് കാനം പറഞ്ഞു.
'നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്' കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് എല്‍ഡിഎഫിലെ പ്രധാനപാര്‍ട്ടി സര്‍ക്കാര്‍ നിലപാടിനെതിരെ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചചെയ്യുന്ന രീതിയില്ല. എന്നാല്‍, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും പൊതുനിലപാടില്‍നിന്നുള്ള നയപരമായ മാറ്റമാണ്. അത്തരം കാര്യം മുന്നണിയില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുക എന്നതാണ് എല്‍.ഡി.എഫ്. സ്വീകരിച്ചുവരുന്ന രീതിയെന്നുമാണ് മുന്നണിയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം പ്രധാനകാര്യങ്ങളെല്ലാം മുന്നണിയില്‍ കൊണ്ടുവരുന്ന രീതിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടക്കത്തില്‍ സി.പി.ഐ. ഇടഞ്ഞുനിന്നപ്പോള്‍, സി.പി.എം.-സി.പി.ഐ. സെക്രട്ടറിതല ചര്‍ച്ച എന്നൊരു രീതി കൊണ്ടുവന്നു. മന്ത്രിസഭായോഗത്തിന് മുമ്പായി ഇരുപാര്‍ട്ടിയിലെയും സെക്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തുകയും പ്രധാനകാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്യാറുണ്ട്. ഇതില്‍ മിക്കവാറും മുഖ്യമന്ത്രിയും പങ്കെടുക്കാറുണ്ട്. എന്നാല്‍, ലോകായുക്ത ഓര്‍ഡിനന്‍സിന്റെ കാര്യം ഈ ചര്‍ച്ചയിലും വിഷയമായിട്ടില്ലെന്നാണ് കാനത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..