പാലക്കാട് : പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ കര്‍ത്താട്ട് ബാലചന്ദ്രന്‍(91) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ പാലക്കാട് കണ്ണാടി കണ്ണന്നൂര്‍ കടകുറിശ്ശിയില്‍ മകളുടെ വസതിയായ 'കൃഷ്ണ'യില്‍ വച്ചായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ താനൂരില്‍ കര്‍ത്താട്ട് ഒ.കെ.അപ്പുണ്ണി മേനോന്റെയും കര്‍ത്താട്ട് കുഞ്ഞിക്കാവമ്മയുടെയും മകനായി 1929ലാണ് ജനനം. ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സി. എം.ആര്‍.ഡി സ്‌കൂളിലെ പഠനത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ആവേശം പകര്‍ന്നു കിട്ടിയ കര്‍ത്താട്ട് ബാലചന്ദ്രന്‍ ചെറുപ്രായത്തിലേ അയിത്തത്തിനെതിരെയും ജാതീയമായ വിവേചനത്തിനെതിരെയും പ്രതിഷേധിച്ചു കൊണ്ടാണ് സാമൂഹ്യരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്.

പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമം പ്രവര്‍ത്തകന്‍,ഗോഖലെ സ്ഥാപിച്ച സര്‍വ്വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ തിരു-കൊച്ചി ആദിവാസി വെല്‍ഫെയര്‍ വര്‍ക്കര്‍, കാന്‍ഫെഡ് പ്രവര്‍ത്തകന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, കേരള സര്‍വോദയ വിദ്യോത്കര്‍ഷസംഘം ഓര്‍ഗനൈസര്‍, ഗാന്ധിസ്മാരക നിധി പ്രവര്‍ത്തകന്‍, ഹരിജന്‍ സേവാ സംഘം തുടങ്ങി വിവിധ മേഖലകളില്‍ സേവനനിരതമായ ജീവിതം നയിച്ചു.

2010ല്‍ മാതൃഭൂമി കര്‍ത്താട്ട് ബാലചന്ദ്രനെ ആദരിച്ചിരുന്നു.

ഭാര്യ ലീല. മക്കള്‍: പ്രേംകുമാര്‍,(റിട്ട.അധ്യാപകന്‍,കൊയിലാണ്ടി),കസ്തൂരിബായി,ദിലീപ് കുമാര്‍,കൈരളി (അധ്യാപിക, കൊടുവായൂര്‍ ഗവ.എച്ച്.എസ്.എസ്)മണി, കാഞ്ചന. മരുമക്കള്‍ : പുഷ്പ,ബിന്ദു(എ.എല്‍.പി.എസ്,മാത്തൂര്‍,ഈസ്റ്റ്)മരിയ,രവീന്ദ്രന്‍,കൃഷ്ണന്‍,വിനോദ് കുമാര്‍.

ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഐവര്‍മഠം ശ്മശാനത്തില്‍.