പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല (100) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെ വടക്കത്ത് തറവാട്ടിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആറുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു.

ദേശീയപ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രമായിരുന്ന ആനക്കര വടക്കത്ത് തറവാട്ടില്‍ 1921-ലാണ് സുശീല ജനിച്ചത്. ഗാന്ധിയനായിരുന്ന ആനക്കര വടക്കത്ത് എ.വി. ഗോപാലമേനോന്റെയും പെരുമ്പിലാവില്‍ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. 

മഹാത്മജിയുടെ ലളിതജീവിതാദര്‍ശം ജീവിതത്തില്‍ പകര്‍ത്തിയ സുശീലാമ്മ കോണ്‍ഗ്രസിന്റെ മഹിളാവിഭാഗം ദേശീയസെക്രട്ടറിയായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യാനന്തരം സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്നുനിന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്ത് അറസ്റ്റിലുമായി. മൂന്നുമാസം വെല്ലൂര്‍ ജയിലില്‍ തടവനുഭവിച്ചു. സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

ഭര്‍ത്താവ്: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.വി. കുഞ്ഞികൃഷ്ണന്‍. ഇദ്ദേഹം 'മാതൃഭൂമി'യില്‍ ഏറെക്കാലം 'വിദേശരംഗം' എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. മക്കള്‍: നന്ദിതാ കൃഷ്ണന്‍, ഇന്ദുധരന്‍ മേനോന്‍ (പാരീസ്). മരുമക്കള്‍: അരുണ്‍കൃഷ്ണന്‍, ബ്രിഷി (ബ്രിജിത്ത്). 

സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പില്‍. 

Content Highlights: Freedom fighter G Susheela dies at the age of 100