കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കന്യാസ്ത്രീക്ക് സേവ് സിസ്റ്റേഴ്സ് ഫോറം നിയമ സഹായം നല്‍കുമെന്ന് ഫാദര്‍ അഗസ്റ്റ്യന്‍ വട്ടോളി അറിയിച്ചു. അടുത്ത ആഴ്ചതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് നീക്കം.

കന്യാസ്ത്രീ നേരിട്ട് തന്നെ കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിന് നേതൃത്വം നൽകിയ സേവ് സിസ്റ്റേഴ്സ് ഫോറം ഇതിന് നിയമസഹായം നൽകും. വിചാരണക്കോടതിയിലും പ്രത്യേക അഭിഭാഷകനെ കന്യാസ്ത്രീ നിയോഗിച്ചിരുന്നു. തുടർന്നും ഇത്തരത്തിൽ നിയമ പോരാട്ടം നടത്താനാണ് കന്യാസ്ത്രീയുടെ തീരുമാനം.

അതേസമയം പ്രോസിക്യൂഷനും വിധിന്യായം ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് ഇതിനുള്ള നിർദേശം, കേസുമായി ബന്ധപ്പെട്ട കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നൽകിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഇത് അംഗീകരിച്ച് കൊണ്ട് സർക്കാരിലേക്ക് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇതിൽ വിശദമായ വിധിന്യായം പരിശോധിച്ച് നിയമോപദേശം നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അപ്പീൽ നടപടികൾ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. 

Content Highlights: Franco mulakkal rape case - nun to file appeal