ഒടുവില്‍ ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ; കേസിന്റെ നാൾവഴികള്‍ ഇങ്ങനെ


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിൽ എത്തിച്ചപ്പോൾ | ഫയൽചിത്രം | ഫോട്ടോ: ജി.ശിവപ്രസാദ്/മാതൃഭൂമി

കേരളം കണ്ട അസാധാരണമായ നിയമ പോരാട്ടമായിരുന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടന്നത്. ഒടുവില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിടുമ്പോള്‍ നിരവധി ചോദ്യങ്ങളും ബാക്കിയാകുകയാണ്. അഞ്ചു വര്‍ഷത്തോളം നീണ്ട ആ പോരാട്ടത്തിന്റെ നാള്‍വഴി ഇങ്ങനെ-

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ അവര്‍ പരാതി അറിയിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അന്ന് അനുരഞ്ജന ശ്രമത്തിനാണ് അധികൃതര്‍ മുതിര്‍ന്നത്. 2018 ജൂണ്‍ ആദ്യം പള്ളിവികാരിയുടെ നേതൃത്വത്തിലും അനുരഞ്ജന ശ്രമം നടന്നു.

ഒടുവില്‍ കന്യാസ്ത്രീ ജൂണ്‍ 27-ന് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് ആറ് കന്യാസ്ത്രീകളും പ്രത്യക്ഷ സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ നല്‍കി. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് അന്ന് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്.

സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചര്‍ച്ചയായി. ജലന്ധര്‍ ബിഷപ്പിന്റെ ക്രൂരതയ്ക്കിരയായ കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കി.

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തു.

പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്കാണെന്ന് ആരോപിച്ച് ഇരയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. പലതവണയായി മൊഴിയെടുത്തിട്ടും തെളിവുകള്‍ ശേഖരിച്ചിട്ടും പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിലായിരുന്നു അവരുടെ പ്രതിഷേധം. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ പ്രത്യക്ഷസമരത്തിനിറങ്ങിയതോടെ പോലീസും സര്‍ക്കാരും ഒരുപോലെ സമ്മര്‍ദത്തിലായി.

2018 ഓഗസ്റ്റ് പത്താം തീയതിയാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തുന്നത്. തുടര്‍ന്ന് 13-ാം തീയതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്തു. ഇതിനുപിന്നാലെ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കന്യാസ്ത്രീ വീണ്ടും പോലീസിനെ സമീപിച്ചു.

സെപ്റ്റംബര്‍ 12-ാം തീയതി ഐ.ജി.യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് നോട്ടീസ് നല്‍കി. പിന്നാലെ ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയുടെ ചുമതലകള്‍ കൈമാറി. കൊച്ചിയിലെത്തി ചോദ്യംചെയ്യലിന് ഹാജരായി. മൂന്നുദിവസമാണ് അന്വേഷണസംഘം ബിഷപ്പ് ഫ്രാങ്കോയെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. ഒടുവില്‍ മൂന്നാംദിവസം, 2018 സെപ്റ്റംബര്‍ 21-ന് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പാലാ കോടതിയില്‍ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാന്‍ഡ് ചെയ്തു. 5968-ാം നമ്പര്‍ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പര്‍ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു.

ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നല്‍കിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പില്‍നിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികന്‍ മൊഴി നല്‍കിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും വിചാരണ പലരീതിയില്‍ നീണ്ടുപോയി. ഒടുവില്‍ ഒരാഴ്ച മുമ്പാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ ആകെ 83 സാക്ഷികളാണുള്ളത്. ഇതില്‍ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ് അടക്കുള്ളവ നിര്‍ണായക തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്.

Content Highlights: Franco mulackal aquitted from kuruvilangad nun rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented