ജോഷിമഠിലേക്ക് യാത്രപോയ ജീപ്പിനരികെ ഫാ. മെൽവിൻ അബ്രഹാം.
പേരാമ്പ്ര: സേവനവഴിയില്‍ അപ്രതീക്ഷിതമായാണ് മെല്വിന് അബ്രഹാം എന്ന വൈദികനെ മരണം തട്ടിയെടുത്തത്. ജോഷിമഠിലെ പ്രകൃതിദുരന്തം നേരിടുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. സേവനവഴിയില്‍ വാഹനത്തില്വെച്ചെടുത്ത അവസാന വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചതിനുപിന്നാലെയാണ് ആ നടുക്കുന്ന അപകടവാര്‍ത്തയെത്തിയത്. കേട്ടവരെല്ലാം അത് സത്യമാകരുതേ എന്ന പ്രാര്‍ഥനയോടെ തരിച്ചുനിന്നു.
ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ ബിജ്നോര്‍ രൂപതയിലുള്ളവരോട് വിവരിച്ചത്. 25-ഓളം കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ അത്യാവശ്യമായി വേണ്ടിയിരുന്നു. ഉടനെ കോട്ദ്വാറിലെ ബിഷപ്പ് ഹൗസില്‍നിന്ന് ഭക്ഷണമടക്കമുള്ള സാധനങ്ങളുമായി ഫാ. മെല്വിന് തനിയെ ജീപ്പില്‍ പുറപ്പെട്ടു. 320-ഓളം കിലോമീറ്റര്‍ അകലെയായിരുന്നു ജോഷിമഠ്. 17-ന് രാവിലെ പത്തോടെ യാത്രതിരിച്ച്, മലകള്‍ കയറിക്കൊണ്ടിരിക്കുമ്പോള്‍ വെയിലുള്ള നല്ല കാലാവസ്ഥയാണെന്നും സന്തോഷത്തോടെയുള്ള യാത്രയാണെന്നും മെല്വിന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ജോഷിമഠിലെത്തി സാധനങ്ങളെല്ലാം കൈമാറി. 19-നാണ് തനിയെ തിരികെ മടങ്ങാന്‍ ഒരുങ്ങിയത്. അതിനുമുമ്പ് രണ്ടുമലയാളികള്‍ക്കൊപ്പം ജോഷിമഠിലെ പാതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷത്തില്‍ മഞ്ഞുവീഴ്ചയുള്ള പാതയിലൂടെയായിരുന്നു യാത്ര. മഞ്ഞില്‍ തെന്നി, വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. തൊട്ടുമുമ്പ് പുറത്തിറങ്ങി, വാഹനം നിര്‍ത്താന്‍ പരിശ്രമിച്ച ഫാ. അജോവിനും അനൂപിനും ഒന്നുംചെയ്യാനാകാതെ നിസ്സഹായരായി നോക്കിനില്ക്കേണ്ടിവന്നു.
ചെറുപ്രായത്തില്‍ ചക്കിട്ടപാറ മൈതാനത്ത് ഫുട്ബോള്‍ കളിക്കാനൊക്കെ ഓടിവരാറുള്ള ഊര്‍ജസ്വലനായിരുന്നു മെല്വിനെന്ന് പൊതുപ്രവര്‍ത്തകനായ വി.വി. കുഞ്ഞിക്കണ്ണന് ഓര്‍ക്കുന്നു. വളരെ ചെറുപ്പത്തിലേ വൈദികനാകാനുള്ള ആഗ്രഹമായിരുന്നു മെല്വിന്. കുളത്തുവയല്‍ ഹൈസ്കൂളില്‍ പത്താംതരം കഴിഞ്ഞശേഷം ഉത്തരാഖണ്ഡിലെ കോട്ദ്വാറിലും അലഹാബാദിലുമായിട്ടായിരുന്നു വൈദികപഠനം. അവിടെത്തന്നെ സേവനവും തുടര്‍ന്നു.
2015-ലാണ് ചക്കിട്ടപാറ സെയ്ന്റ് ആന്റണീസ് പള്ളിയില്‍വെച്ച് പൗരോഹിത്യം സ്വീകരിച്ചത്. വര്‍ഷത്തില്‍ ഒരുതവണ നാട്ടിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ ജൂലായിലാണ് ഒടുവില്‍ വന്നുപോയത്. വരുന്ന മേയ് മാസത്തില്‍ മകനെ കാത്തിരുന്ന ചക്കിട്ടപാറ പള്ളിത്താഴത്ത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുന്നിലേക്ക് വെള്ളിയാഴ്ച വൈകീട്ട് ഈ ദുരന്തവാര്‍ത്തയാണെത്തിയത്. തിങ്കളാഴ്ച ഉത്തരാഖണ്ഡിലെത്തി മകനെക്കണ്ട്, മാതാപിതാക്കളായ അബ്രഹാമും കാതറിനും അവസാനയാത്രാമൊഴി ചൊല്ലും.
ദുരന്തം ദുരിതബാധിതര്‍ക്ക് ഭക്ഷണം നല്കി മടങ്ങുമ്പോള്‍

പേരാമ്പ്ര (കോഴിക്കോട്): ഉത്തരാഖണ്ഡ് ജോഷിമഠിലെ പ്രകൃതിദുരന്ത മേഖലയില്‍ ദുരിതാശ്വാസപ്രവര്ത്തനത്തിനുപോയ മലയാളി വൈദികന് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു.ഉത്തരാഖണ്ഡ് കോട്ദ്വാറിലുള്ള ബിജ്നോര്‍ രൂപതാ ആസ്ഥാനത്തെ പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി ഫാ. മെല്വിന് അബ്രഹാം പള്ളിത്താഴത്ത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രശ്നത്തെത്തുടര്‍ന്ന് ജനങ്ങളെ മാറ്റിത്താമസിപ്പിച്ച ക്യാമ്പുകളിലേക്ക് ഭക്ഷണമടക്കമുള്ളവയുമായി 17-നാണ് ഫാ. മെല്വിന് കോട്ഡ്വാറില്നിന്ന് തനിയെ വാഹനം ഓടിച്ചുപോയത്. ക്യാമ്പുകളില്‍ സാധനമെത്തിച്ച് മടങ്ങുന്നതിനുമുമ്പ് മലയാളികളായ ഫാ. അജോ, അനൂപ് എന്നിവര്‍ക്കൊപ്പം ജോഷിമഠിലെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോഴാണ് മലാരി റോഡില്‍ അപകടമുണ്ടായത്.
മഞ്ഞുവീഴ്ചയുള്ള റോഡില്‍നിന്ന് വാഹനം തെന്നിനീങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ടയര്‍ നീങ്ങാതിരിക്കാന്‍ കല്ലുകള്വെച്ചെങ്കിലും ജീപ്പ് 500 മീറ്ററോളം താഴ്ചയിലേക്ക് പതിച്ചു. പൈന്‍ മരങ്ങള്‍ നിറഞ്ഞ കൊക്കയിലിറങ്ങി രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. സൈന്യമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
ചക്കിട്ടപാറ പള്ളിത്താഴത്ത് അബ്രഹാമിന്റെയും (റിട്ട. അധ്യാപകന്, കായണ്ണ ജി.എച്ച്.എസ്.എസ്.) കാതറിന്റെയും (റിട്ട. പ്രധാനാധ്യാപിക പൂഴിത്തോട് ഐ.സി.യു.പി.എസ്.) മകനാണ്. സഹോദരങ്ങള്‍: ഷാലെറ്റ് പി. അബ്രഹാം (അധ്യാപിക, എ.ഡബ്ല്യു.എച്ച്. എന്‍ജിനിയറിങ് കോളേജ് കുറ്റിക്കാട്ടൂര്‍), ഷാല്വിന് പി. അബ്രഹാം (മാര്‍ക്കറ്റിങ് ഓഫീസര്‍, സ്കിന്‍കോ).
മൃതദേഹം ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 22-ന് വൈകീട്ട് കോട്ദ്വാറിലെ രൂപതാ ആസ്ഥാനത്ത് എത്തിക്കും. സംസ്കാര ശുശ്രൂഷകള്‍ 23-ന് രാവിലെ ഒമ്പതിന് കോട്ദ്വാര്‍ സെയ്ന്റ് ജോസഫ് പള്ളിയില്‍.
Content Highlights: Fr Melvin Abraham Joshimath accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..